malappuram local

പഞ്ചായത്തുകളിലൂടെ

മികച്ച ഭരണം കാഴ്ചവയ്ക്കാനായി:ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

മികച്ച ഭരണം കാഴ്ചവയ്ക്കാനായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസന്ന കുമാരി. ലോകബാങ്ക് സഹായത്തോടെ ഒരു കോടി 40 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിന് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാക്കി. അരിയല്ലൂര്‍-കൊടക്കാട് മേഖലകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാക്കി. തീരദേശ മേഖല ഉള്‍പ്പെടെ പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചു. എസ്.സി. കോളനികള്‍ നവീകരിച്ചു. ശ്്മശാനങ്ങള്‍ നവീകരിച്ചു. ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കി. 16 വാര്‍ഡുകളില്‍ ജനസേവന കേന്ദ്രം നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്തിലെ സ്‌കൂളുകളില്‍ പത്രം വിതരണം ചെയ്തു. പഞ്ചായത്ത് മിനി സ്റ്റേഡിയം ഫെന്‍സിങ് പൂര്‍ത്തിയാക്കി നവീകരിച്ചു. കുടുംബശ്രീ ഗ്രൂപ്പുകളെ ശാക്തീകരിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു പഠനോപകരണം വിതരണം ചെയ്തു.അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. തകര്‍ന്ന ആനങ്ങാടി ഫിഷ്‌ലാന്റിങ് സെന്റര്‍ നവീകരിച്ചു. പാവപ്പെട്ടവര്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി. ക്ഷേമ പെന്‍ഷന് ഫയലുകള്‍ തീര്‍പ്പാക്കി സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ആരോഗ്യ മേഖലയില്‍ പരിരക്ഷ പദ്ധതി നടപ്പാക്കി. ബാലാതിരുത്തി വെന്റ് പൈപ്പ് പാലം യാഥാര്‍ഥ്യമാക്കി. കുണ്ടന്‍പാടം, പുഞ്ചപ്പാടം വൈദ്യുതീകരിച്ചു.




ഭരണം വികസനത്തെ പിന്നോട്ടടിച്ചു: പ്രതിപക്ഷം
ഞ്ചായത്ത് ഭരണം വികസനത്തെ പിന്നോട്ടടിച്ചുവെന്ന് പ്രതിപക്ഷാംഗം പട്ടയില്‍ ബാബുരാജന്‍ പറഞ്ഞു. വാര്‍ഷിക പദ്ധതികള്‍ യഥാ സമയം സമര്‍പ്പിക്കാനായില്ല. ഇ.എം.എസ്. ഭവന പദ്ധതി അട്ടിമറിച്ചു. ക്ഷേമ പെന്‍ഷനുകള്‍ യഥാസമയം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അഞ്ചു വര്‍ഷം കൊണ്ട് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനായില്ല. കുടിവെള്ള ക്ഷാമം നേരിടുന്ന കിഴക്കേമല, കുറിയപ്പാടം, പൊറാഞ്ചേരി മേഖലകലില്‍ ചെറുകിട ജലപദ്ധതികള്‍ കൊണ്ടു വരാനായില്ല. പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കാനായില്ല. ഗ്രാമസഭകള്‍ യഥാസമയം വിളിച്ചു ചേര്‍ത്തില്ല. പൈക്ക പദ്ധതി, സമഗ്ര കായിക വികസനം, ടൂറിസം മേഖലകളെ തകര്‍ത്തു. ഭരണസമിതിയലെ തൊഴുത്തില്‍കുത്ത് വികസനത്തെ ബാധിച്ചു. ഐ.എ.വൈ. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുത്തി. കെട്ടിട നമ്പര്‍ ലൈസന്‍സ് എന്നിവ യഥാസമയം നല്‍കാതെ ജനങ്ങളെ വലച്ചു. മല്‍സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്കു ഒരു പദ്ധതി പോലും നടപ്പാക്കാനായില്ല.




വികസനം ഉണ്ടാക്കാനായില്ല: എസ്.ഡി.പി.ഐ.
15 വര്‍ഷം ഇടതുപക്ഷത്തെ പരീക്ഷിച്ച് യു.ഡി.എഫിനെ വള്ളിക്കുന്ന്് പഞ്ചായത്ത് ഭരണം ഏല്‍പ്പിച്ചപ്പോള്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാനായില്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തലെന്ന് എസ്.ഡി.പി.ഐ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഹനീഫ പറഞ്ഞു. ഭരണമുന്നണിയിലുള്ള വാര്‍ഡംഗങ്ങള്‍ പൊതുജന സമക്ഷം വേര്‍തിരിഞ്ഞ് തമ്മില്‍ തല്ലുന്നത് പതിവാണ്. ഭരണപക്ഷ അംഗംതന്നെ ഭരണപക്ഷ അംഗങ്ങളെ കോടതി കയറ്റിയതും വേറിട്ട കാഴ്ചയാണ്. രണ്ടാം വാര്‍ഡംഗം ടി പി അഹമ്മദ് അങ്കണവാടിയിലേക്കുള്ള വഴി അടച്ചപ്പോള്‍ ഇതേ ഭരണപക്ഷത്തിലെ മുന്‍ പ്രസിഡന്റായ വി ജമീല ഉള്‍പ്പെടെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നേരിട്ട് സ്ഥലത്തെത്തി പൊളിച്ചു നീക്കുകയായിരുന്നു. അതു സംബന്ധിച്ച് കേസ് ഇന്നും നിലനില്‍ക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ മൂന്നു പ്രസിഡന്റുമാര്‍ മാറി മാറി വരികയും യു.ഡി.എഫ്. വിമതയായി വിജയിച്ച ആളെയും പ്രസിഡന്റാക്കി പുതിയ കീഴ്‌വഴക്കം ഉണ്ടാക്കുകയും ചെയ്തു. ഭരണപക്ഷത്തിന്റെ കോപ്രായങ്ങള്‍ കണ്ടു നില്‍ക്കാനല്ലാതെ ജനം പടിക്കട്ടെ എന്ന മട്ടിലുള്ള പ്രതിപക്ഷത്തിന്റെ നിസ്സംഗത വിമര്‍ശനമുണ്ടാക്കി. തീരദേശ നിയമം കര്‍ശനമാക്കിയതോടെ പലര്‍ക്കും വീടിനു നമ്പര്‍ ലഭിക്കാതെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it