ernakulam local

പഞ്ചായത്തിലെ അധികാരത്തര്‍ക്കം: കുമ്പളത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

മരട്: കുമ്പളം പഞ്ചായത്ത് ഭരണസമതിയിലെ അധികാര തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഭരണപക്ഷത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കുമ്പളത്തെ കോണ്‍ഗ്രസില്‍ കൂട്ടരാജി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ എ ജെ ജോസഫ് ഉള്‍പ്പെടെ എ ഗ്രൂപ്പിലെ 51 പേരും വി കെ ശ്രീധരന്റെ നേതൃത്വത്തില്‍ 61 പേരുമാണ് ഐ ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കുന്നതായി ജില്ലാ നേതൃത്വത്തിനു കത്തുനല്‍കിയത്.
രണ്ടര വര്‍ഷത്തിനു ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ ഐ ഗ്രൂപ്പ് ഏകപക്ഷീയമായി ലംഘിച്ചതില്‍ പ്രതിഷേധിച്ച് രാജിവച്ച പഞ്ചായത്ത് അംഗം വി എ പൊന്നപ്പന് പിന്തുണ അര്‍പ്പിച്ചാണ് പഞ്ചായത്തിലെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി. കരാര്‍ ലംഘനത്തിന്റെ പേരില്‍ ഒരാള്‍ മാത്രം ബലിയാടാവേണ്ട എന്നു പറഞ്ഞാണ് മറ്റുള്ളവര്‍ രാജിസമര്‍പ്പിച്ചതെന്നു പൊന്നപ്പന്‍ പറഞ്ഞു. ഐ വിഭാഗക്കാനായ ശ്രീജിത് പാറക്കാടനാണ് നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
ഭരണ സമിതി രൂപീകരിക്കുന്ന സമയത്ത് രണ്ടര വര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം എ വിഭാഗത്തിലെ പഞ്ചായത്ത് അംഗം പൊന്നപ്പന് നല്‍കാനായിരുന്നു വ്യവസ്ഥ.
എന്നാല്‍ അധികാരം പങ്കുവയ്ക്കുന്നതിന് ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് എതിര്‍ഭാഗം വാദിക്കുന്നു.
മിനിട്‌സില്‍ തിരുത്തല്‍ വരുത്തിയാണ് ഐ ഗ്രൂപ്പുകാര്‍ ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് കുമ്പളം സ്വദേശിയായ ഡിസിസി സെക്രട്ടറി പോളച്ചന്‍ മണിയംകോട് പറഞ്ഞു. മിനിട്‌സില്‍ തന്റെ കള്ള ഒപ്പ് ഇട്ടതായും പോളച്ചന്‍പറഞ്ഞു. മിനിട്‌സ് തിരുത്തിയ മണ്ഡലം പ്രസിഡന്റിനെതിരേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത് പാറക്കാടന്‍ കേസ് നല്‍കിയതായും പോളച്ചന്‍ പറഞ്ഞു. അതേസമയം ഗ്രൂപ്പു കളിച്ച് ഭരണ സ്തംഭനമാണെന്ന് ആരോപിച്ച് സിപിഎം പഞ്ചായത്ത് ഓഫിസ് നാളെ ഉപരോധിക്കും. ശനിയാഴ്ച്ചയാണ് ബജറ്റ് അവതരണം.
Next Story

RELATED STORIES

Share it