wayanad local

പഞ്ചായത്തിന്റെ സഹകരണമില്ല; കബനിയിലെ ഗ്രീന്‍ബെല്‍റ്റ് നിര്‍മാണം വെള്ളത്തില്‍

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനി നദീതീരത്ത് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ബെല്‍റ്റ് നിര്‍മിക്കാനുള്ള ശ്രമം പാളി. ഏഴു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് പദ്ധതി വെള്ളത്തിലാക്കിയത്.
പുല്‍പ്പള്ളി പഴശ്ശിരാജാ കോളജ് എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പദ്ധതി വിഭാവന ചെയ്തതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും. കബനി നദിക്കക്കരെ കര്‍ണാടകയില്‍ നിന്നുള്ള ചൂടുകാറ്റിനെയും വരണ്ട കാലാവസ്ഥയെയും പ്രതിരോധിക്കുന്നതിനായിരുന്നു പദ്ധതിക്ക് രൂപം നല്‍കിയത്.
കബനി നദിയുടെ കേരള തീരത്ത് 50 മുതല്‍ 100 മീറ്റര്‍ വരെ പുറമ്പോക്ക് ഭൂമിയുണ്ട്. നദി ആരംഭിക്കുന്ന പെരിക്കല്ലൂരിന് സമീപം വെട്ടത്തൂര്‍ മുതല്‍ നദി കര്‍ണാടകയിലെത്തുന്ന പതിക്കുന്ന കൊളവള്ളി വരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്തും പുറമ്പോക്കുണ്ട്. നദിയുടെ തീരത്തുള്ള ഈ പുറമ്പോക്കില്‍ നിറയെ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് 100 മീറ്റര്‍ വരെ വീതിയുള്ളതും 12 കിലോമീറ്റര്‍ നീളമുള്ളതുമായ ഒരു വനം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. കേരള തീരത്തുള്ള കൃഷിയിടങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കുമൊക്കെ ശുദ്ധവായു ലഭിക്കുന്നതിനും വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുന്നതിനുമായിരുന്നു ഇത്തരം ഒരു സംരംഭം നടപ്പാക്കുന്‍ അന്നു കോളജ് അധികൃതരെ പ്രേരിപ്പിച്ചത്.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതിനാലും നിരവധി വര്‍ഷങ്ങള്‍കൊണ്ട് മാത്രമേ നടപ്പാക്കാന്‍ കഴിയൂവെന്നതിനാലും പഞ്ചായത്ത് അധികൃതരെ കൂടി സഹകരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ വൃക്ഷത്തൈകള്‍ നല്‍കാമെന്നു വനംവകുപ്പ് അധികൃതരും സമ്മതിച്ചിരുന്നു.
എന്നാല്‍, തുടക്കത്തില്‍ കാണിച്ച താല്‍പര്യവും സഹകരണവും പിന്നീട് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രാദേശികമായി രൂപീകരിക്കേണ്ട സംരക്ഷണ സമിതികള്‍ ചില ഭാഗങ്ങളില്‍ മാത്രം രൂപീകരിച്ചതിനുശേഷം പഞ്ചായത്ത് അധികൃതര്‍ പതുക്കെ പിന്മാറുകയായിരുന്നു.
Next Story

RELATED STORIES

Share it