Kollam Local

പഞ്ചായത്തിന്റെ സംഭാവനയായ പാലം നാട്ടുകാര്‍ക്ക് ദുരിതമാവുന്നു

പത്തനാപുരം: തോടിന്റെ മധ്യത്തിലായി പഞ്ചായത്ത് അധികൃതര്‍ പണിത് നല്‍കിയ പാലം നാട്ടുകാരെ വലക്കുന്നു. പുന്നല ഇട ഏലാക്ക് സമാന്തരമായി ഒഴുകുന്ന കളീലഴികത്ത് തോട്ടിലാണ് മൂന്ന് വര്‍ഷം മുന്‍പ് പിറവന്തൂര്‍ പഞ്ചായത്ത് രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വിനിയോഗിച്ച് തോടിനേക്കാള്‍ വീതി കുറച്ച് പാലം നിര്‍മിച്ചത്. പാലം നിര്‍മിക്കുന്നതിനായി അടിസ്ഥാന നിര്‍മാണം ആരംഭിച്ചതോടെ നൂറേക്കറോളം വരുന്ന പുന്നല ഇട ഏലായില്‍ നെല്‍കൃഷിയും മറ്റും നടത്തി വന്ന കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. വിത്തും വളവും കാര്‍ഷിക ഉല്‍പന്നങ്ങളും കൊണ്ട് പോകുന്നതിനും വരുന്നതിനും പറ്റാതായതോടെ ഈ ഏലായിലെ കൃഷികള്‍ ഇപ്പോള്‍ നിലച്ച അവസ്ഥയാണ്. പുന്നലയിലെ മറ്റെല്ലാ ഏലാകളും റബര്‍ കൃഷിക്കും മറ്റും വഴിമാറിയെങ്കിലും ഇടഏലായില്‍ നെല്‍കൃഷി നൂറ് മേനിയായിരുന്നു. ഇപ്പോള്‍ മേഖലയിലെ മിക്ക വയലുകളും തരിശായി കിടക്കുകയാണ്.

നാല് മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലും പാലം നിര്‍മിക്കുമെന്നായിരുന്നു ജനപ്രതിനിധികളുടേയും പഞ്ചായത്ത് ഭരണാധികാരികളുടെയും വാഗ്ദാനം. കമുകുകള്‍ വെട്ടിയിട്ട് കോണ്‍ക്രീറ്റ് പാലത്തിലേക്ക് താല്‍കാലിക പാലം നിര്‍മിച്ചാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നാട്ടുകാര്‍ ഇതുവഴി നടക്കുന്നത്. മഞ്ചാകുന്ന് കാവ്, തോങ്കോട് പ്രദേശവാസികള്‍ പുന്നല ജങ്ഷനിലേക്ക് എത്തുന്നതിന് ഈവഴിയാണ് ഉപയോഗിച്ചിരുന്നത്. നിര്‍മാണ വേളയില്‍ പാലത്തിന് വീതി കുറവാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ക്രീറ്റ് നാട്ടുകാര്‍ പാലം പണി തടഞ്ഞിരുന്നു. ഇതിനുളള പ്രതികാരമാണ് നാട്ടുകാരെ അധികാരികള്‍ ബുദ്ധിമുട്ടിക്കുന്നതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it