പഞ്ചാബില്‍ സംഘര്‍ഷം തുടരുന്നു

സ്വന്തം പ്രതിനിധി

ചണ്ഡീഗഡ്: സിഖുകാരുടെ പുണ്യഗ്രന്ഥത്തെ അവഹേളിച്ചതിനെത്തുടര്‍ന്ന് പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ അയവുവന്നില്ല. സിഖ് പ്രക്ഷോഭകര്‍ നിരവധി സ്ഥലങ്ങളില്‍ റോഡുകള്‍ ഉപരോധിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ അര്‍ധസൈനിക വിഭാഗം ഫഌഷ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ചണ്ഡീഗഡിലെ വസതി ഉപരോധിക്കുന്ന മാര്‍ച്ചിന് നേതൃത്വംകൊടുത്ത സഹോദരന്മാരായ രണ്ടു എംഎല്‍എമാരെ പോലിസ് അറസ്റ്റ് ചെയ്തു. സിമ്രാജിത്ത് ബയിന്‍സ്, ബല്‍വീന്ദര്‍ സിങ് എന്നീ എംഎല്‍എമാരാണ് ലുധിയാനയില്‍ അറസ്റ്റിലായത്. ഇവരോടൊപ്പം 21 പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തു.
അമൃതസര്‍, ജലന്ധര്‍, ലുധിയാന, തരണ്‍ ജില്ലകളില്‍ കഴിഞ്ഞദിവസം അര്‍ധസേനയെ വിന്യസിച്ചിരുന്നു. ഈ ജില്ലകളില്‍ പ്രക്ഷോഭകര്‍ ദേശീയപാതകള്‍ ഉപരോധിച്ചത് ജനജീവിതത്തെ ബാധിച്ചു. ലാഹോറി ഗേറ്റില്‍ പ്രക്ഷോഭകര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് അവതാര്‍ സിങ് മക്കാറിന്റെ പോസ്റ്ററുകളില്‍ കറുത്ത മഷി ഒഴിച്ചു. പുണ്യഗ്രന്ഥത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ഫരീദ് കോട്ടയിലെ പാനിഗ്ര ഗ്രാമത്തിലെ രൂപീന്ദര്‍ സിങ്, ജസ്വീന്ദര്‍ സിങ് എന്നിവരെ പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഭരണഘടന നല്‍കുന്ന സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട ബാദല്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പഞ്ചാബില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ബാദലും ഉപമുഖ്യമന്ത്രി സുഖ്ബീറും പുര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതാപ് സിങ് ബാജ്‌വ ആരോപിച്ചു.
Next Story

RELATED STORIES

Share it