പഞ്ചാബിലെ സിഖ് പ്രക്ഷോഭം : അര്‍ധസേനയെ വിന്യസിച്ചു

ചണ്ഡിഗഡ്: പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബി’നെ അവഹേളിച്ചതിനെതിരേ സിഖ്കാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ നാലു ജില്ലകളില്‍ അര്‍ധസേനയെ വിന്യസിച്ചു. അമൃത്‌സര്‍, ജലന്ധര്‍, ലുധിയാന, തരണ്‍ തരണ്‍ ജില്ലകളിലാണ് മുന്‍ കരുതലായി സേനയെ ഇറക്കിയത്. സംഘര്‍ഷം തുടരുന്ന മേഖലകളില്‍ അര്‍ധസൈനികര്‍ ഫഌഗ് മാര്‍ച്ച് നടത്തി. അതിനിടെ, ബതിരു ജില്ലയിലെ ഗുരുസാര്‍ മെഹ്‌റാജ് ഗ്രാമത്തില്‍ പുണ്യഗ്രന്ഥത്തെ അവഹേളിച്ച മറ്റൊരു സംഭവം കൂടി നടന്നു. ഗുരുഗ്രന്ഥ സാഹിബിന്റെ ഏതാനും താളുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തി. തരണ്‍ തരണ്‍ ജില്ലയിലെ നാഗോക്കിലെ ഗുരുദ്വാരയില്‍ പുണ്യഗ്രന്ഥത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ മൂന്നു യുവാക്കള്‍ മര്‍ദ്ദിച്ചു. ബുലെ നങ്കല്‍ ഗ്രാമത്തിലെ മാന്‍കിത് സിങി(34)നാണ് മര്‍ദ്ദനമേറ്റതെന്ന് പോലിസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സിഖ് കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടന്നുവരികയാണ്. അര്‍ധ സേനയുടെ 10 കമ്പനികളെയാണ് സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ വിന്യസിച്ചത്. പലയിടങ്ങളിലും പ്രക്ഷോഭകര്‍ ദേശീയപാതകള്‍ ഉപരോധിച്ചു. പോലിസ് പട്രോളിങ്ങും ഗുരുദ്വാരകളില്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പുണ്യഗ്രന്ഥത്തെ അപമാനിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ ഈ മാസമാദ്യം പ്രതിഷേധച്ചിരുന്നു. അന്ന് പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it