Flash News

പഞ്ചാബിന് ആവേശ ജയം ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തത് 14 റണ്‍സിന്‌



മൊഹാലി: ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 14 റണ്‍സിനാണ് പഞ്ചാബ് വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 167 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിങിലെ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സിന് അവസാനിച്ചു. ജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുകളുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലും മനാന്‍ വോറയും ചേര്‍ന്ന് സമ്മാനിച്ചത്. പതിവു തെറ്റിച്ച് ഗുപ്റ്റില്‍ പതിയെ തുടങ്ങിയപ്പോള്‍ വോറ കത്തിക്കയറി. 16 പന്തില്‍ 25 റണ്‍സെടുത്ത വോറയെ ഉമേഷ് യാദവ് മടക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് 4.5 ഓവറില്‍ ഒരു വിക്കറ്റിന് 39 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അധികം വൈകാതെ ഗുപ്റ്റിലും(12) ഷോണ്‍ മാര്‍ഷും(11) വീണതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. എന്നാല്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന വൃധിമാന്‍ സാഹയും(38) മാക്‌സ്‌വെല്ലും (44) പഞ്ചാബിനെ മാന്യമായ നിലയിലേക്കെത്തിച്ചു. കുല്‍ദീപ് യാദവിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയ മാക്‌സ്‌വെല്‍ മൂന്നാം സിക്‌സറിന് ശ്രമിക്കവേ പുറത്തായി.  അക്ഷര്‍ പട്ടേല്‍(8) സ്വപ്‌നില്‍ സിങ്(2) എന്നിവരും പെട്ടെന്ന് മടങ്ങിയെങ്കിലും അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ രാഹുല്‍ തിവാട്ടിയയുടെ ബാറ്റിങാണ് പഞ്ചാബിനെ 167 റണ്‍സിലേക്കെത്തിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്രിസ് വോക്‌സ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി.മറുപടി ബാറ്റിങില്‍ തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ക്രിസ് ലിന്‍ ആളിക്കത്തിയപ്പോള്‍ കൊല്‍ക്കത്ത വിജയം നേടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മധ്യനിരയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍ കളി ഗതി പഞ്ചാബിന് അനുകൂലമാക്കി മാറ്റി. ഗൗതം ഗംഭീര്‍(8), റോബിന്‍ ഉത്തപ്പ(0), മനീഷ് പാണ്ഡെ(18), കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം(11*), യൂസഫ് പഠാന്‍(2) ക്രിസ് വോക്‌സ്(8*) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ കൊല്‍ക്കത്തയുടെ പോരാട്ടം 14 റണ്‍സകലെ അവസാനിച്ചു. പഞ്ചാബിന് വേണ്ടി മോഹിത് ശര്‍മ, രാഹുല്‍ തിവാട്ടിയ എന്നിവര് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Next Story

RELATED STORIES

Share it