thrissur local

പഞ്ചവാദ്യപ്പെരുമഴയായി മഠത്തില്‍ വരവ്



ഒരേതാളവും ഒരേമനസുമായി നിന്ന ആയിരങ്ങളുടെ ആവേശങ്ങള്‍ക്ക് നടുവില്‍ തിമിലയില്‍നിന്നുയര്‍ന്ന നാദസംഗീതം ലോക പ്രശസ്തമായ തിരുവമ്പാടിയുടെ മഠത്തില്‍വരവിനെ ഒരിക്കല്‍കൂടി അനശ്വരമാക്കി.തെളിഞ്ഞ മാനത്തെ സാക്ഷിയാക്കി ബ്രഹ്മസ്വം മഠത്തിനുമുന്നില്‍ തണല്‍വിരിച്ചുനിന്ന ആലിന്‍ചുവട്ടിന്‍ പൂജ കഴിഞ്ഞ് തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയതോടെയാണ് മഠത്തില്‍ വരവിന് തുടക്കമായത്. 11. 20ന് പഞ്ചവാദ്യത്തിന് പ്രമാണം വഹിച്ച കോങ്ങാട് മധുവും സംഘവും തിമിലയില്‍ ആദ്യ വിരല്‍ പതിപ്പിച്ചപ്പോള്‍തന്നെ പരിസരങ്ങളിലും ചുറ്റുള്ള കെട്ടിടങ്ങളിലുമായി നിറഞ്ഞുനിന്ന സ്ത്രീകളടക്കമുള്ള ആയിരങ്ങള്‍ കുരവയിട്ടു.            പതികാലത്തില്‍തുടങ്ങി ആവേശകൊടുമുടിയിലേക്ക് മേളം കൊട്ടികയറിയതോടെ ബ്രഹ്മസ്വം മഠത്തിന്റെ പഞ്ചവാദ്യപെരുമയില്‍ പൂരപ്രേമികള്‍ അലിഞ്ഞുചേര്‍ന്നു. പഞ്ചവാദ്യം മുറുകിയതോടെ മഴയല്ല, കൊടുങ്കാറ്റുവന്നാലും അന്നമനടയുടെ ഈ ആവേശപെരുമഴയെ തോല്‍പ്പിക്കാനാവില്ലെന്ന് മേളത്തിനൊപ്പം വാനിലേക്ക് കൈ ഉയര്‍ത്തി താളംപിടിച്ച ആയിരങ്ങള്‍ പറയാതെ പറഞ്ഞു. പഞ്ചവാദ്യം നടുവിലാലിലെത്തിയപ്പോള്‍ കേള്‍വിക്കാര്‍ പതിനായിരങ്ങളായി. ഗണപതിയെ സാക്ഷിയാക്കി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കൊട്ടികയറി അന്നമനടയും കൂട്ടരും സംഗീതപെരുമഴയില്‍ നാദഗോപുരം തീര്‍ത്തപ്പോള്‍ മേളക്കാര്‍ക്കും കാണികള്‍ക്കും തുള്ളിയാര്‍ത്ത അരയാലിലകള്‍ക്കും ഒരേ താളം. ഒരേ ആവേശം.
Next Story

RELATED STORIES

Share it