പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: വയനാട് ജൈനമതക്ഷേത്രം ഉള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകപളിലെ മൂന്ന് ക്ഷേത്രങ്ങളില്‍നിന്ന് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി (43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തില്‍ മുഹമ്മദ് (45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു (45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍ (35) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ട് ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളിക്ഷേത്രം എന്നിവിടങ്ങളിലും പ്രതികള്‍ ഇക്കാലയളവില്‍ മോഷണം നടത്തിയതായി തെളിഞ്ഞു.
കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍ (43) കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13ന് വയനാട് പുളിയാര്‍മല എം പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥ സ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്.
കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുനപ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ട് തീര്‍ത്ഥങ്കരാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെള്ളി പൂജാ പാത്രങ്ങള്‍, വിഗ്രഹത്തിലണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ രണ്ട് വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാവാത്തതാണ്. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് പിക്കാസ് കൊണ്ട് കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
കല്‍പ്പറ്റ പോലിസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 15 വര്‍ഷത്തിനിടെ സംഘം പലതവണ വിദേശികളെ നാട്ടിലെത്തിച്ചെങ്കിലും വില്‍പന നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചുവില്‍ക്കാനും സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാനും ശ്രമം നടത്തി. ഇതും പരാജയപ്പെട്ടതോടെ പുതിയ സംഘത്തിന് വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് പോലിസിന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസ് ഇടനിലക്കാരായി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ട് വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ട് വിഗ്രങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേസിലെ സൂത്രധാരന്‍ കൊണ്ടോട്ടി നീറാട് സ്വദേശിയും വയനാട് താമസക്കാരനുമായ അബൂബക്കര്‍ എന്ന ചന്ദന അബു കൊലപാതക കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയായി മാനന്തവാടി ജില്ലാ ജയിലിലാണെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.
ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍, അബദുല്‍അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാവുല്‍ ഹഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it