Flash News

പഞ്ചഗുസ്തിയില്‍ റെക്കോഡ് നേട്ടവുമായി ഫഖ്‌റുദ്ദീന്‍



ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പഞ്ചഗുസ്തി മല്‍സരത്തില്‍ നേട്ടങ്ങളുടെ നെറുകയിലെത്തിയിരിക്കുകയാണ് എടപ്പാള്‍ നടുവട്ടം നെല്ലിശ്ശേരി സ്വദേശിയായ ഫഖ്‌റുദ്ദീന്‍ എന്ന 33 കാരന്‍. കഴിഞ്ഞ ദിവസം യുഎഇയിലെ റാസല്‍ഖൈമയില്‍  നടന്ന  അന്താരാഷ്ട്ര  പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മൂന്നാം തവണയും വിജയകിരീടം ചൂടി അപൂര്‍വ ചരിത്രത്തിന് ഉടമയായി ഈ യുവാവ്. ഇന്ത്യയ്ക്ക് പുറമെ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 50ഓളം പേരാണ് മല്‍സരത്തില്‍ ശക്തിതെളിയിക്കാനെത്തിയത്. മല്‍സരിച്ച ആറ് റൗണ്ടുകളിലും എതിരാളികളെ മലര്‍ത്തിയടിച്ചാണ് ഫഖ്‌റുദ്ധീന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 85 കിലോക്ക് മുകളിലെ കാറ്റഗറിയിലായിരുന്നു മല്‍സരം. യുഎഇ എമിറേറ്റ്‌സ് ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇ ചാംപ്യന്‍ഷിപ്പില്‍ ഫഖ്‌റുദ്ദീന്‍ തന്നെയാണ് വിജയകിരീടം നേടിയത്. ട്രോഫിയും നാലായിരം ദിര്‍ഹം ക്യാഷ് അവാര്‍ഡുമാണ് വിജയത്തിലൂടെ ഈ യുവാവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പഞ്ചഗുസ്തിയിലൂടെ കഴിഞ്ഞ നാല് വര്‍ഷമായി 'മിസ്റ്റര്‍ ഇന്ത്യന്‍' ആയി തിരഞ്ഞെടുക്കപ്പെടുന്നതും ഈ യുവാവ് തന്നെ. ഇതിനു പുറമെ ദുബയില്‍ കെഎംസിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മല്‍സരത്തില്‍ കഴിഞ്ഞ 7 വര്‍ഷമായി തുടര്‍ച്ചയായ ചാംപ്യന്‍ പദവിയും ഫഖ്‌റുദ്ദീന് തന്നെയാണ് . കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഫഖ്‌റുദ്ദീന്‍ ദുബയിലും ഷാര്‍ജയിലും ഫിറ്റ്‌നസ് സെന്ററുകള്‍ സ്വന്തമായി നടത്തുകയാണ്. പൊന്നാനി എംഇഎസ് കോളജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഫഖ്‌റുദ്ദീന്‍ യൂനിവേഴ്‌സിറ്റിതല മല്‍സരങ്ങളിലും 4 തവണ മിസ്റ്റര്‍ ഇന്ത്യന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനുപുറമെ ഗുസ്തി മല്‍സരത്തിലും മൂന്ന് തവണ സര്‍വകലാശാലാതലത്തില്‍ ചാംപ്യനായിട്ടുണ്ട്. പഞ്ചഗുസ്തിയും ജിമ്മും ജീവനായി കൊണ്ടുനടക്കുന്ന ഈ യുവാവിന് പ്രോല്‍സാഹനമായത് സഹോദരനും  പഞ്ചായത്ത് മെംബറുമായ അബ്ദുല്‍ മജിദാണ്. സഹോദരന്‍ മജീദ് തന്നെയാണ് പഞ്ചഗുസ്തിയില്‍ ഗുരുനാഥനും. തുടക്കക്കാലത്ത് പലരും പഞ്ചഗുസ്തിയെ പരിഹാസത്തോടെ കണ്ടപ്പോഴും ഒരിക്കലെങ്കിലും താന്‍  അംഗീകരിക്കപ്പെടുമെന്ന പ്രതിക്ഷയിലായിരുന്നു ഈ താരം. ഇപ്പോള്‍ പഞ്ചഗുസ്തിയില്‍ ലോകത്തിന്റെ നെറുകെയില്‍ ഇന്ത്യയുടെ അഭിമാനമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫഖ്‌റുദ്ദീന്റെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും. ഭാര്യ: ഫാരിദ. മക്കള്‍: ഫര്‍ദിന്‍, അഹമദ് നൈഫു. നെല്ലിശ്ശേരി കവുങ്കില്‍ മുഹമ്മദ് - നബീസ ദമ്പതികളുടെ മകനാണ് ഫഖ്‌റുദ്ദീന്‍.
Next Story

RELATED STORIES

Share it