പച്ചനുണകളുടെ തുലാഭാരം

പ്രതിസന്ധിയിലായ 'വധശ്രമം'-2,   റെനി  ഐലിന്‍
പോലിസ് പ്രദര്‍ശിപ്പിച്ച കത്തിലേക്ക് തിരിച്ചുവരാം. പോലിസ് നേരിട്ടുതന്നെയാണ് കത്ത് എല്ലാ മാധ്യമങ്ങളിലും എത്തിച്ചത്. എന്നാല്‍ ഇത് 2014ലെ മുംബൈ ഹൈക്കോടതി വിധിക്കെതിരാണ്; ഒപ്പം മഹാരാഷ്ട്ര പോലിസ് സര്‍ക്കുലറിനും. 'സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷനുകള്‍' പ്രസിദ്ധീകരിക്കരുത് എന്ന വിലക്കുണ്ട്. കത്തില്‍ 'ജനുവരി 2' എന്ന തിയ്യതി ആണെങ്കിലും ഉള്ളടക്കത്തില്‍ പരാമര്‍ശിക്കുന്നത് 'വരുന്ന ഡിസംബര്‍ 6' എന്നാണ്. പോലിസ് അധികാരികള്‍ തന്നെ പറയുന്നത് മാവോവാദികള്‍ ഒരിക്കലും അവരുടെ സന്ദേശങ്ങള്‍ കൈമാറാന്‍ യഥാര്‍ഥ പേരുകള്‍ ഉപയോഗിക്കില്ല എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ മാവോവാദ പ്രസ്ഥാനങ്ങളും ഈ രീതി തന്നെയാണ് അവലംബിക്കുന്നത്. ജാര്‍ഖണ്ഡിലെ മുന്‍ ഡിജിപി ജി എസ് റാവത്ത് പറയുന്നത് 'ഞാനൊരിക്കലും മാവോവാദികള്‍ യഥാര്‍ഥ പേരുകള്‍ ഉപയോഗിക്കുന്നത് അറിഞ്ഞിട്ടില്ല' എന്നാണ്. പൂനെ പോലിസ് പറയുന്ന കത്തിലാവട്ടെ, യഥാര്‍ഥ പേരുകളാണ് പരാമര്‍ശിക്കുന്നത്. എന്‍സിപി നേതാവ് ശരത് പവാര്‍ പറയുന്നത് ഇങ്ങനെയാണ്: 'ഞാനൊരു റിട്ട. സിഐഡി ഓഫിസറുമായി സംസാരിച്ചു. ഈ കത്തില്‍ ഒന്നുമില്ലെന്നാണ് പറയുന്നത്. ജനത്തിന്റെ സഹതാപം കിട്ടാന്‍ വേണ്ടിയുള്ളതാണിത്.' മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമം പറയുന്നു: 'എന്നൊക്കെ മോദിയുടെ ജനപ്രീതി ഇടിയുന്നുവോ അന്നെല്ലാം ഇതുപോലൊരു വാര്‍ത്ത ഉണ്ടാവാറുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായ കാലം മുതല്‍ക്കേ ഈ പ്രവണതയുണ്ട്!' ഏപ്രില്‍ 17നു റോണ വില്‍സന്റെ ഡല്‍ഹിയിലെ വസതി റെയ്ഡ് ചെയ്ത് ലാപ്‌ടോപ്പും ഉപകരണങ്ങളും കണ്ടെടുത്ത പോലിസ് ജൂണ്‍ 6നാണ് അറസ്റ്റ് ചെയ്യുന്നത്. കത്തിന്റെ പേരു പറഞ്ഞ് അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് പോലിസ് രണ്ടു മാസം നിശ്ശബ്ദത പാലിച്ചുവെന്ന ചോദ്യവും ഉയരുന്നു. അതും പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസ്!  ഐപിസി, ഇന്ത്യന്‍ തെളിവു നിയമം, ഐടി ആക്ട് എന്നിവയുടെ മാനദണ്ഡങ്ങള്‍ യാതൊന്നും പാലിച്ചിട്ടില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഒരുപക്ഷേ, അതുകൊണ്ടായിരിക്കണം കോടതിയില്‍ റിമാന്‍ഡ് നോട്ട് കൊടുക്കുമ്പോള്‍ കത്ത് മുക്കിക്കളഞ്ഞത്. യാതൊരു തരത്തിലുമുള്ള കൃത്രിമത്വവും നടത്താതിരിക്കാന്‍ സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ കണ്ടെടുത്ത വസ്തുക്കള്‍ പോലിസ് സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍, പത്രക്കാര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച കത്ത് കെട്ടിച്ചമച്ചതാണെന്ന വാദം ഉയര്‍ത്തിയപ്പോഴേക്കും പോലിസ് അതിനെക്കുറിച്ച് മിണ്ടാതായി. കത്തില്‍ 'ലാല്‍ജോഹര്‍' എന്നൊരാളെയും സംബോധന ചെയ്യുന്നുണ്ട്. ആദിവാസികള്‍ക്കിടയില്‍ സാധാരണ ഇല്ലാത്ത  പേരാണ് അവരുടേതെന്ന പേരില്‍ ഉപയോഗിച്ചത്. അര്‍ധസൈനിക വിഭാഗമായ എസ്എസ്ബിയുടെ മുന്‍ ഡയറക്ടര്‍ ജനറലും സിആര്‍പിഎഫിന്റെ അഡീഷനല്‍ ഡയറക്ടര്‍ ജനറലുമായിരുന്ന എം വി കൃഷ്ണറാവു പറയുന്നു: 'ഒരിക്കലും മാവോവാദികള്‍ പൊതുസമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളെ ഇത്തരം കാര്യങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാറില്ല. അവരുടെ സാധാരണ കാഡറുകള്‍ തുടങ്ങി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ പോലും അടുത്തുനില്‍ക്കുന്നവരുമായി പ്രത്യേകമായി തിരിച്ചറിയാനാവാത്തവിധം പെരുമാറണമെന്ന രീതിയിലാണ് പൊതുവില്‍ ഇടപെടുന്നത്.' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആന്ധ്രപ്രദേശിലെ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു ഐപിഎസ് ഓഫിസര്‍ പറഞ്ഞു: 'മാവോവാദികള്‍ ഒരിക്കലും ഇത്തരത്തിലൊരു കത്തെഴുതില്ല. എന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കത്ത് കാണുന്നത്' എന്നാണ്. ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ബിജെപിക്കാരന്റെ കാലത്ത് പോലിസ് പറയുന്നത് 'ഭീമ കൊറേഗാവ് വാര്‍ഷികത്തിനു കോണ്‍ഗ്രസ് ധനസഹായം നല്‍കി'യെന്നാണ്. ബിജെപിയുടെ ദേശീയ വക്താക്കളിലൊരാളായ സമ്പിത് പത്ര പറയുന്നത് 'കോണ്‍ഗ്രസ് മാവോവാദികള്‍ക്ക് ജിഗ്‌നേഷ് മേവാനി വഴി പണം നല്‍കുന്നു'വെന്നാണ്. ഏകദേശം 250ല്‍പരം ദലിത് സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ഭീമ കൊറേഗാവ് വാര്‍ഷികം സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുന്‍ ഹൈക്കോടതി ജഡ്ജിയായ  കോള്‍സെ പാട്ടീല്‍ പറഞ്ഞത് 'ബിജെപി ഈ ആരോപണം തെളിയിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം' എന്നാണ്. അറസ്റ്റ് ചെയ്ത് യുഎപിഎ ചാര്‍ത്തി ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ സുധീര്‍ ധവാലെ ഒഴികെ ഒരാള്‍ പോലും ഭീമ കൊറേഗാവ് വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തവരല്ല. പ്രഫ. ഷോമ സെന്‍ പങ്കെടുത്തെങ്കിലും പ്രസംഗിച്ചില്ല. പ്രസ്തുത വാര്‍ഷികത്തിനു ശേഷം നടന്ന ദലിത് വിരുദ്ധ കലാപത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബിജെപിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സംബാജി ഭിഡെക്കും ഏക്‌ബോതെക്കുമാണ്. 2015ല്‍ ഭിഡെയെ മഹാരാഷ്ട്ര സര്‍ക്കാര്‍ പത്മശ്രീക്ക് ശുപാര്‍ശ ചെയ്തിരുന്നു. മോദിയുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഭിഡെ. ഏക്‌ബോതെ ഒരിക്കല്‍ ബിജെപിയുടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പോലുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. ആദ്യം ഇവര്‍ക്കെതിരേ പോലിസ് ചില നടപടികള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് എല്ലാം തണുത്തുറഞ്ഞു. സംഘപരിവാരത്തിന്റെ സവര്‍ണ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കെതിരേ ശബ്ദിക്കുന്ന എല്ലാവരെയും പല രീതിയില്‍ തുറുങ്കിലടച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ അഡ്വ. മുരുകന്‍, ഒഡീഷയില്‍ ഉപേന്ദ്ര നായിക്, ഛത്തീസ്ഗഡില്‍ സത്യേന്ദ്ര ചൗധരി- അങ്ങനെ നിരവധി പൊതുപ്രവര്‍ത്തകരെ വ്യാജമായ തെളിവുകളും കുറ്റാരോപണങ്ങളും ചുമത്തി ഭീകര നിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടച്ചിരിക്കുകയാണ്. ജിഗ്നേഷ് മേവാനി മോദിയുടെ കുപ്രസിദ്ധമായ മാതൃകാ ഗുജറാത്തില്‍ വിജയിച്ചത് തെല്ലൊന്നുമല്ല സംഘപരിവാരത്തെ ചൊടിപ്പിച്ചിരിക്കുന്നത്.  'രാജീവ് ഗാന്ധിയെ വധിച്ചതുപോലെ' എന്ന കണ്ടെത്തലില്‍ ഇന്നും ഒളിഞ്ഞിരിക്കുന്ന മൊസാദിന്റെ കരങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ സന്തത സഹചാരിയായ ബിജെപി മൗനം നടിക്കുകയാണ്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാനുള്ള ശേഷി മാവോവാദികള്‍ക്കില്ലെന്ന് വരവര റാവു തന്നെ തുറന്നുപറഞ്ഞത് ഓര്‍ക്കുക.  ഇന്ത്യയില്‍ സാധാരണ ജനം അടിസ്ഥാന സുരക്ഷിതത്വം പോലുമില്ലാതെ സവര്‍ണ ഭീകരതയെ ഭയന്നാണ് ജീവിക്കുന്നത്. എന്നാല്‍, പരിവാരത്തിന്റെ ബ്രാഹ്മണിസത്തിനു നേരെ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് ഇന്ന് അവര്‍ണ ജനത പ്രതികരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ആ പ്രതികരണത്തെ ഇസ്‌ലാമിക തീവ്രവാദം, മാവോവാദം എന്നീ ലേബലുകളൊട്ടിച്ച് ഭരണകൂടം തളച്ചിടാന്‍ ശ്രമിക്കുകയാണ്. റോണ വില്‍സണ്‍, പ്രഫ. ഷോമ സെന്‍, മഹേഷ് റാവത്ത്, സുധീര്‍ ധവാലെ, അഡ്വ. സുരേന്ദ്ര ഗര്‍ലിങ് എന്നിവരുടെ അന്യായമായ അറസ്റ്റിനെതിരേ രാഷ്ട്രീയഭേദമെന്യേ പലരും മുന്നോട്ടുവന്നുകഴിഞ്ഞു. റെയ്‌സ്റ്റാഗ് മന്ദിരം കത്തിച്ചുകൊണ്ട് അത് കമ്മ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും മേല്‍ ചാരി അവരെ വേട്ടയാടിയ ജര്‍മന്‍ നാത്‌സികളുടെ അവസാന വിധിയായിരിക്കും ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കും ഉണ്ടാകാന്‍ പോകുന്നത്. തടവറകളും ഭീകര നിയമങ്ങളും നിര്‍മിച്ച് ജനതയെ ബന്ധിക്കാമെന്ന മൗഢ്യത്തിലാണ് മോദിയും സംഘവും ജീവിക്കുന്നത്. ഭാഗികമായ കടപ്പാട്: സകല്‍ ടൈംസ് പൂനെ, പിന്നെ വിവിധ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടും അഭിഭാഷകരോടും. (അവസാനിച്ചു)
Next Story

RELATED STORIES

Share it