Idukki local

പച്ചക്കറി വില കുറയ്ക്കാന്‍ നടപടിയില്ല



തൊടുപുഴ: കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അതേസമയം, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റാന്‍ തുടങ്ങിയിരിക്കുകയാണ്. നാളികേരം കിലോയ്ക്ക് 48 രൂപയിലെത്തി. വെളിച്ചെണ്ണയ്ക്ക് 200 രൂപ അടുത്തു നല്‍കണം. കാബേജിന്റെ വില റെക്കോര്‍ഡിലേക്കു കുതിക്കുകയാണ്. ഒരു കിലോഗ്രാം കാബേജിനു 70-76 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ചുവന്നുള്ളി, സവാള എന്നിവയുടെ വിലയും രണ്ടുദിവസങ്ങളിലായി ഉയര്‍ന്ന നിരക്കിലെത്തി. സവാളയ്ക്കു കിലോഗ്രാമിനു 45-48 രൂപയും ചുവന്നുള്ളിക്കു 120-130 രൂപയുമാണു ചില്ലറവില. വിളനാശമാണു സവാളയുടെയും ഉള്ളിയുടെയും വിലവര്‍ധനയ്ക്കു കാരണമായി പറയുന്നത്. കാരറ്റിന് 60-68 രൂപയും തക്കാളിക്ക് 60-65 രൂപയുമാണ് ഈടാക്കുന്നത്. വെണ്ടയ്ക്ക കിലോഗ്രാമിനു 30 രൂപ, വഴുതനങ്ങ 40-45, പടവലം30-36, പച്ചമുളക്60, മുരിങ്ങയ്ക്ക 80-100, കോവയ്ക്ക 48-50, ബീന്‍സ് 56-60, ഇഞ്ചി 60, വെളുത്തുള്ളി 60, വെള്ളരിക്ക 30, ബീറ്റ്‌റൂട്ട് 48, പാവയ്ക്ക60, മത്തങ്ങ 25, വള്ളിപ്പയര്‍ 70 എന്നിങ്ങനെയാണു ചില്ലറവില. ദീപാവലിയുടെ അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയ വില ഇപ്പോഴും കുതിക്കുകയാണ്. വിപണിയില്‍ പൊള്ളുന്ന വില ആയിട്ടും സര്‍ക്കാരോ മറ്റ് വകുപ്പുകളോ വിലനിയന്ത്രണത്തിനു യാതൊന്നും ചെയ്തിട്ടില്ല. പച്ചക്കറിയുടെ വരവു കുറഞ്ഞതോടെയാണ് വില കൂടിയതെന്ന് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നും മറ്റും പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും പല ഇനങ്ങളുടെയും വിലവര്‍ധനവിനു കാരണമായിട്ടുണ്ട്. അതേസമയം, സംസ്ഥാന അതിര്‍ത്തിയിലെ പച്ചക്കറി ഗ്രാമമായ വട്ടവട മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ നേര്‍ വിപരീതമാണു താനും. പച്ചക്കറി ശേഖരിക്കാന്‍ ആരും എത്താത്തതിനാല്‍ അവിടെ പച്ചക്കറികള്‍ നശിച്ചുപോവുകയാണ്. ഹോര്‍ട്ടി കള്‍ച്ചര്‍ ഓണക്കാലത്ത് പച്ചക്കറി ശേഖരിച്ചെങ്കിലും അതിന്റെ വില ഇനിയും കര്‍ഷകര്‍ക്കു കൊടുക്കാനുണ്ട്.  ഇപ്പോള്‍, അത്തരത്തിലുള്ള ശേഖരണവും നിലച്ചമട്ടായി.
Next Story

RELATED STORIES

Share it