പച്ചക്കറി വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രം

റജീഷ്  കെ  സദാനന്ദന്‍
മഞ്ചേരി: ആഘോഷവേളകളില്‍ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമാവുന്നില്ല. വിഷുക്കാലത്ത് ഉയര്‍ന്ന പച്ചക്കറികളുടെ വില ആഘോഷം പിന്നിട്ടതോടെ പഴയ നിലയിലേക്കെത്തി. സര്‍ക്കാര്‍ ഏജന്‍സികള്‍ വിപണിയില്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന ഇടപെടല്‍ ഇപ്പോള്‍ നാമമാത്രമായത് സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നു.
വിഷു മുന്‍നിര്‍ത്തി വന്‍തോതിലാണ് പച്ചക്കറി ഇനങ്ങള്‍ക്ക് വില കൂടിയിരുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നതെങ്കിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ ചില ഇനങ്ങള്‍ക്കെല്ലാം വില കുറഞ്ഞിട്ടുണ്ട്.
വിഷുവിന് വന്‍തോതില്‍ വില ഉയര്‍ന്നിരുന്നത് പയറിനാണ്- കിലോഗ്രാമിന് 100 രൂപ. ഇപ്പോള്‍ പയറിന് 40 രൂപയില്‍നിന്നുയര്‍ന്ന് വില 48 രൂപയിലെത്തിനില്‍ക്കുന്നു. തക്കാളിയുടെ വില 18ല്‍ നിന്ന് 12 രൂപയിലെത്തി. വിഷുവിനു മുമ്പ് 16 രൂപയായിരുന്നു കിലോഗ്രാമിനു വില. വിഷുക്കാലത്ത് 48 രൂപ കിലോഗ്രാമിന് ഈടാക്കിയിരുന്ന കയ്പക്ക് ഇപ്പോഴത്തെ വിപണിവില 30 രൂപയാണ്. നേരത്തേ 40 രൂപയായിരുന്നു. വെണ്ട 48ല്‍ നിന്നു പഴയ വിലയായ 40 രൂപയിലെത്തി. 40 രൂപയില്‍ നിന്നു കാരറ്റിന്റെ വിലയും പഴയ നിരക്കായ 35 രൂപയായി. വെള്ളരി 26ല്‍ നിന്നു 16 രൂപയിലേക്കും സവാള 20ല്‍ നിന്നു 18 രൂപയിലേക്കും വില കുറഞ്ഞു. ചെറിയുള്ളി വില 46ല്‍ നിന്നു 40 രൂപയായും കുറഞ്ഞു.
വിശേഷാവസരങ്ങളില്‍ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടാവുന്ന പ്രവണത തടയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ പൊള്ളത്തരമാണു വിപണിയിലിപ്പോള്‍ ദൃശ്യമാവുന്നത്. ഹോര്‍ട്ടികോര്‍പും കുടുംബശ്രീയുമടക്കുള്ള സംവിധാനങ്ങള്‍ വിപണിയിലിടപെടുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും വിപണിയിലെ ഇടത്തട്ടുകാരുടെ പകല്‍ക്കൊള്ള തുടരുകയാണ്.
ഇന്ധനവില വര്‍ധനയടക്കം ജീവിതച്ചെലവ് ഉയരുമ്പോള്‍ സാധാരണക്കാരും ഇടത്തരം കുടുംബങ്ങളുമാണു വിപണിയിലിടപെടാത്ത സര്‍ക്കാര്‍നയത്തിന്റെ ഇരകളാവുന്നത്.
Next Story

RELATED STORIES

Share it