Flash News

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ചു പഠിക്കാന്‍ ധനവകുപ്പ് സമിതിയെ നിയോഗിക്കുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാനാണ് സമിതി. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ചയ്ക്കകം സമിതിയെ നിയമിക്കും.  സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ ഭരണപക്ഷ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ എല്‍ഡിഎഫ് പിന്തുണച്ചിരുന്നു. 2014 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇവരുടെ ശമ്പളത്തിന്റെ പത്തുശതമാനം നാഷനല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നല്‍കും. ഇവരുടെ പെന്‍ഷന്‍പ്രായം 60 ആയും വര്‍ധിപ്പിച്ചിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രോജക്ട് റിപോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് പിടിപ്പുകേട് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കോടികള്‍ ചെലവഴിക്കാതെ കിടപ്പുണ്ട്. കേന്ദ്ര പദ്ധതികള്‍ അവലോകനം നടത്താന്‍ ഒരു പ്രോജക്ട് സെല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it