Kottayam Local

പങ്കാളിത്തം കുറവ്; കേരളോല്‍സവങ്ങള്‍ പ്രഹസനമാവുന്നു

ഈരാറ്റുപേട്ട: യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കേരളോല്‍സവങ്ങള്‍ പ്രഹസനമാവുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന കേരളോല്‍സവങ്ങള്‍ തുക ചിലവഴിക്കാന്‍ മാത്രമുള്ള മേളകളായി മാറുകയാണ്.
കലാ സാംസ്‌കാരിക മല്‍സരങ്ങള്‍, വോളിബോള്‍, ഷട്ടില്‍ ബാറ്റ്, സാംസ്‌കാരിക സമ്മേളനം എന്നിവയൊക്കെ ഉണ്ടെങ്കിലും ജനപങ്കാളിത്തം കുറവാണ്. ഗ്രാമ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ, സംസ്ഥാന, ദേശീയ രീതിയിലാണു മല്‍സരങ്ങള്‍ നടക്കുന്നത്. പഞ്ചായത്തുതല മല്‍സരങ്ങള്‍ക്ക് 50,000 രൂപയും, ബ്ലോക്ക് -മുനിസിപ്പാലിറ്റികള്‍ക്ക് ഒരു ലക്ഷവും, ജില്ലാതല മല്‍സരങ്ങള്‍ക്ക് രണ്ടുലക്ഷവും ചിലവഴിക്കാന്‍ അനുമതിയുണ്ട്. തുക ചിലവഴിക്കുന്നുണ്ടെങ്കിലും മല്‍സരങ്ങള്‍ ചടങ്ങുകളായി ഒതുങ്ങുകയാണ്. പല പഞ്ചായത്തുകളിലും നാമമാത്രമായ പരിപാടികളാണ് നടത്തിയത്. ബ്ലോക്ക്തല മല്‍സരങ്ങള്‍ക്ക് കഴിഞ്ഞതവണത്തെ ചാംപ്യന്‍മാരെയും, പ്രാദേശിക തലത്തില്‍ മികവ് തെളിയിച്ചവരെയും എത്തിക്കാനാണ് നിര്‍ദേശം എങ്കിലും അവരുടെ പങ്കാളിത്തം ഏതാനും പേരില്‍ മാത്രം ഒതുങ്ങി.
54 ഇനങ്ങള്‍ക്കുള്ള കലാമല്‍സരത്തില്‍ നടക്കുന്നത് ഏതാനും ഇനങ്ങള്‍ മാത്രമാണ്.
ബ്ലോക്ക് തലത്തില്‍ മല്‍സരിക്കാന്‍ എത്തിയവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം, അത്‌ലറ്റിക് ഇനത്തില്‍ 10ല്‍ താഴെ ആളുകള്‍ മാത്രമാണ് ആറു പഞ്ചായത്തുകളില്‍ നിന്ന് എത്തിയത്. സമീപ ബ്ലോക്ക് പഞ്ചായത്തുകളിലെയും സ്ഥിതി ഇതുതുന്നെ.
വിജയികള്‍ക്ക് ആകര്‍ഷകമായ അംഗീകാരം ലഭിക്കാത്തതും സംഘാടനത്തിന്റെ പിഴവുമാണ് കേരളോല്‍സവങ്ങള്‍ പേരില്‍ ഒതുങ്ങാന്‍ കാരണമെന്ന് ഈ രംഗത്തുള്ളവര്‍തന്നെ പറയുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒഴിച്ചാല്‍ മറ്റൊന്നും ലഭിക്കാറില്ല. ജില്ലാ സംസ്ഥനതലങ്ങളില്‍ പ്രൈസ് മണി നല്‍കുന്നുണ്ടെങ്കിലും അതും നാമമാത്രമാണ്.
ഉദ്യോഗസ്ഥ പരീക്ഷകളില്‍ കേരളോല്‍സവ സര്‍ട്ടിഫിക്കറ്റിന് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ പങ്കാളിത്തം വര്‍ധിപ്പിക്കാനാവും.
താഴെ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, കുടുംബശ്രീകള്‍ ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ കേരളോല്‍സവം നടത്താന്‍ സംഘാടകര്‍ തയ്യാറായാല്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റംവരുകയും കേരളോല്‍സവം ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താം.
Next Story

RELATED STORIES

Share it