malappuram local

പക്ഷി സര്‍വേ: കോള്‍നിലങ്ങളില്‍ കണ്ടെത്തിയത് മൂവായിരത്തോളം പക്ഷികളെ

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: കോള്‍ നിലങ്ങളില്‍ കോള്‍ ബ്രൈസേഴ്‌സ് കൂട്ടായ്മ നടത്തിയ പക്ഷി സര്‍വേയില്‍ 60 ഓളം ഇനം ദേശാടനക്കിളികളെ കണ്ടെത്തി. ഏകദേശം മുവ്വായിരത്തോളം പക്ഷികളെയാണ് സര്‍വേയില്‍  കണ്ടെത്തിയത്.ഇതില്‍ മഹാഭൂരിപക്ഷവും ദേശാടനക്കിളികളാണെന്നത് കോള്‍നിലങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു .പഠിച്ച പരിസ്ഥിതി പാഠങ്ങള്‍ വെറുതെ മറക്കാനുള്ളതല്ല .
പക്ഷികളോടും ദേശാടനക്കിളികളോടുമുള്ള സ്‌നേഹം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണ് . ഇതാണ്  കോള്‍ ബേഡേഴ്‌സ് കൂട്ടായ്മക്ക് പറയാനുള്ളത് .മലപ്പുറം  തൃശൂര്‍ ജില്ലകളിലെ  പ്രദേശങ്ങളിലായി പരന്നുകിടക്കുന്ന പൊന്നാനി  കോള്‍നിലങ്ങളുമായി ആത്മബന്ധമുള്ള ജീവിതത്തിന്റെ പല തുറകളിലുള്ളവരുടെ ഒരു കൂട്ടായ്മയാണ് കോള്‍ ബ്രൈഡേഴ്‌സ് . കര്‍ഷകര്‍ മുതല്‍ പ്രൊഫഷണല്‍ ജോലിക്കാര്‍ വരെ .വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ .എല്ലാവരെയും ഒന്നിപ്പിച്ചത് പ്രകൃതി സ്‌നേഹത്തിലേക്കുള്ള പച്ചവേരുകള്‍തന്നെ.വരും തലമുറയ്ക്കുവേണ്ടി പരിസ്ഥിതിയെയും ദേശാടനക്കിളികളെയും കാത്തു സംരക്ഷിക്കണമെന്ന ചിന്തയില്‍ നിന്നാണ് പലയിടത്തായി ചിതറിക്കിടന്നിരുന്നവര്‍ക്കിടയില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് ഈ കൂട്ടായ്മക്ക് തുടക്കമായത് .150 ലധികം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത് .
അവനവന്റെ പ്രദേശത്തുള്ള കോള്‍നിലങ്ങളിലെ നീര്‍പക്ഷികളെ തുടര്‍ച്ചയായി നിരീക്ഷിക്കലും ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യലും അത് ഭാവിയിലേക്കായി ഡോക്യുമെന്റ് ചെയ്യാലിനുമപ്പുറം  പ്രകൃതിയെ സംരക്ഷിക്കാന്‍ തണ്ണീര്‍ത്തടങ്ങളിലെ പ്ലാസ്റ്റിക്ക് പെറുക്കിയും വിദ്യാര്‍ത്ഥികള്‍ക്കായി അവബോധക്ലാസുകള്‍ നല്‍കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട് . വിലകൂടിയ ക്യാമറകളും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും ഒരു ഫാഷനായി മാറിയ ഇക്കാലത്ത് ഈ കൂട്ടായ്മ പ്രകൃതിതന്നെ ജീവിതം എന്നാണ് സമൂഹത്തിന് കാണിച്ചുകൊടുക്കുന്നത് .അതുകൊണ്ട്തന്നെ പക്ഷി നിരീക്ഷണം ഇവര്‍ക്ക് ഒഴിവു സമയത്തെ വിനോദമല്ല മറിച്ച് ജീവിതം തന്നെയാണ് .
കോള്‍ ബേഡേഴ്‌സ് കൂട്ടായ്മ കോള്‍ നിലങ്ങളില്‍ പക്ഷി സര്‍വ്വെകളെക്കൂടാതെ പക്ഷിനിരീക്ഷണത്തിലേക്ക് കടന്നുവരാനാഗ്രിക്കുന്നവര്‍ക്ക് വഴികാട്ടിയായി ഓരോമാസവും  പക്ഷിനടത്തങ്ങള്‍  സംഘടിപ്പിക്കാറുണ്ട്.കഴിഞ്ഞദിവസം കോള്‍ മേഖലകളില്‍  നടത്തിയ പക്ഷിനടത്തത്തില്‍ നാട്ടുകാരും സ്ത്രീകളും കുട്ടികളുമടക്കം 40ലധികം ആളുകള്‍ പങ്കെടുത്തിരുന്നു . വെറുതെ പക്ഷികളുടെ ഫോട്ടോയെടുക്കല്‍ മാത്രമല്ല ഇവര്‍ ചെയ്യുന്നത് ഓരോ പക്ഷികളുടെ ചിത്രങ്ങളും വിശദവിവരങ്ങളും  ഇബേര്‍ഡില്‍ ചേര്‍ക്കും . ഇത്തരത്തില്‍ വിവരങ്ങള്‍  ഡോക്യുമെന്റ് ചെയ്യുന്നതിനാല്‍ ഇതിനേക്കുറിച്ച് പഠിക്കുന്നവര്‍ക്കും ശാസ്ത്രലോകത്തിനും കൂടുതല്‍ ഉപകാരപ്പെടും. ബൈനോക്കുലറുകളും സ്‌പോട്ടിങ്ങ്‌സ്‌കോപ്പും ക്യാമറകളുമടക്കം കൃത്യമായ നിരീക്ഷണത്തോടെയാണ് പക്ഷി സര്‍വേകള്‍ സംഘടിപ്പിക്കുന്നത്.
കോള്‍നിലങ്ങളില്‍ പക്ഷികളുടെ സംരക്ഷണത്തിനും തണ്ണീര്‍ത്തടങ്ങളിലെ മാലിന്യം നീക്കംചെയ്യാനും കര്‍ഷകസംഘത്തിന് സഹായമായും ഈ കൂട്ടായ്മ മുമ്പിലുണ്ട്. പി ഒ നമീര്‍, ഇ എസ് പ്രവീണ്‍, അനിത്ത് അനില്‍കുമാര്‍, അരുണ്‍ ഭാസ്‌കര്‍, പ്രശാന്ത് എസ്, വിവേക് ചന്ദ്രന്‍, നെസ്രു തിരൂര്‍, ജയരാജ് ടി പി ചിത്രഭാനു, തുടങ്ങി കോള്‍പ്പാടങ്ങളില്‍ പക്ഷിനിരീക്ഷണത്തിനായി പാടത്ത് സ്ഥിരം കണ്ടുമുട്ടുന്നവരുടെ ഒരു സൗഹൃദകൂട്ടായ്മയാണ് കോള്‍ബേഡേഴ്‌സ് കൂട്ടായ്മക്ക് കരുത്തേകുന്നത് .
Next Story

RELATED STORIES

Share it