Second edit

പക്ഷിനിരീക്ഷണം

പക്ഷിനിരീക്ഷണം വിനോദം മാത്രമല്ല. പക്ഷികളെ സംബന്ധിച്ച പഠനങ്ങള്‍ ശാസ്ത്രലോകത്തെ സുപ്രധാന വിഷയങ്ങളാണ്. എന്നാലും, പക്ഷിനിരീക്ഷകര്‍ക്കു പ്രധാനം പക്ഷികളെ കാണല്‍ തന്നെയാണ്. അതിനായി ലോകം ചുറ്റുന്ന കൂട്ടര്‍ ധാരാളം. ഇപ്പോള്‍ അവര്‍ക്ക് അവരുടേതായ സാമൂഹിക മാധ്യമ ശൃംഖലകളുണ്ട്. ഇ-ബേര്‍ഡ് എന്ന പേരിലുള്ള ഒരു ശൃംഖലയില്‍ ആയിരക്കണക്കിനു പക്ഷിനിരീക്ഷകരാണ് തങ്ങളുടെ കുറിപ്പുകളും ചിത്രങ്ങളും എത്തിക്കുന്നത്.
അഖിലലോക പക്ഷിനിരീക്ഷകരെ ത്രസിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം കാനഡയിലെ ക്യൂബക് പ്രദേശത്തുണ്ടായി. എല്ലാ വര്‍ഷവും ഈ സീസണില്‍ കുരുവികള്‍ കൂട്ടത്തോടെ വടക്കോട്ട് യാത്ര ചെയ്യുന്ന പ്രദേശമാണിത്. അവയെ നിരീക്ഷിക്കാന്‍ നൂറുകണക്കിനു പക്ഷിസ്‌നേഹികളും എത്തിച്ചേരും.
ഇത്തവണയും അവര്‍ സ്ഥലത്തെത്തി. അരലക്ഷം പക്ഷികളെയെങ്കിലും ഒന്നിച്ചുകാണാം എന്നാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, രാവിലെ മുതല്‍ പക്ഷിപ്രവാഹമായിരുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒമ്പതുമണിക്കൂര്‍ നേരം വര്‍ണപ്പൊലിമയാര്‍ന്ന കുരുവികളുടെ ഘോഷയാത്രയായിരുന്നു. ഗവേഷകര്‍ കണക്കാക്കുന്നത് ചുരുങ്ങിയത് അഞ്ചുലക്ഷം പക്ഷികള്‍ ഒരൊറ്റ ദിവസംകൊണ്ട് അവിടം കടന്നുപോയിട്ടുണ്ടെന്നാണ്.
എന്താണ് പക്ഷിപ്പെരുമയ്ക്കു കാരണം? പുഴുക്കള്‍ വര്‍ധിക്കുമ്പോള്‍ പക്ഷികളും വര്‍ധിക്കും. കാനഡയിലെ കാട്ടുപ്രദേശങ്ങളില്‍ പുഴുക്കളുടെ പൂക്കാലമാണ്; അതിനാല്‍ തന്നെ അവയെ വിഴുങ്ങാനെത്തുന്ന കുരുവികളുടെ ഉല്‍സവകാലവും.
Next Story

RELATED STORIES

Share it