wayanad local

പക്രന്തളം-മാനന്തവാടി റോഡ് നിര്‍മാണം; ആദ്യഘട്ടത്തിന് 10 കോടി

മാനന്തവാടി: പക്രന്തളം-മാനന്തവാടി റോഡിന്റെ ആദ്യഘട്ട നിര്‍മാണത്തിന് 10 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ബിഎം ആന്റ് ബിസി രീതിയില്‍ നിര്‍മാണം നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
ജില്ലയില്‍ നെടുമ്പാല- പള്ളിക്കവല- ഏഴാഞ്ചിറ-കുരിശുകവല-മുക്കംകുന്ന് റോഡിന് മൂന്നു കോടി രൂപയും കല്‍പ്പറ്റ-മാനന്തവാടി റോഡിന് 5.85 കോടി രൂപയും സുല്‍ത്താന്‍ ബത്തേരി- ചേലമ്പാടി റോഡിന് നാലു കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
സംസ്ഥാനത്തെ 200 റോഡുകള്‍ക്കായി 561 കോടി രൂപയാണ് പുതിയ ഭരണാനുമതിയിലൂടെ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത്.
പക്രന്തളം- മാനന്തവാടി റോഡില്‍ നാലാംമൈല്‍ മുതല്‍ തരുവണ വരെയുള്ള ടാറിങ് ജോലികള്‍ കഴിഞ്ഞ വര്‍ഷം മൂന്നുകോടി രൂപ ചെലവില്‍ നടത്തിയിരുന്നു.
അടുത്ത ഘട്ടത്തില്‍ തരുവണ മുതല്‍ വെള്ളമുണ്ട വരെയുള്ള ഭാഗമായിരിക്കും അറ്റകുറ്റപ്പണി ചെയ്യുക. ബാക്കി തുകയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നു മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 137.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റോഡ്, പാലങ്ങള്‍ എന്നിവയ്ക്കു മാത്രമായി ചെലവഴിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ്, നബാര്‍ഡ്, മലയോര വികസന ഏജന്‍സി, പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങിയവയുടെ വിവിധ ഫണ്ടുകള്‍ ഏകോപിപ്പിച്ചാണ് ഇത്രയും വലിയ തുകയുടെ പ്രവൃത്തികള്‍ നടത്താന്‍ കഴിഞ്ഞത്.
പാടെ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കാനും നിലവിലുള്ള റോഡുകള്‍ ബിഎം ആന്റ് ബിസി രീതിയില്‍ പ്രവൃത്തി നടത്താനും കഴിഞ്ഞു.
Next Story

RELATED STORIES

Share it