Flash News

പകുതി മുസ്‌ലിംകളും വ്യാജ ഭീകരവാദക്കേസില്‍ കുടുക്കുമെന്ന് ഭയക്കുന്നു

പകുതി മുസ്‌ലിംകളും വ്യാജ ഭീകരവാദക്കേസില്‍ കുടുക്കുമെന്ന് ഭയക്കുന്നു
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏതാണ്ട് രണ്ടിലൊന്ന് മുസ്‌ലിംകളും(47 ശതമാനം) ഭീകരവാദത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമന്ന് ഭയക്കുന്നതായി സര്‍വേ. തെലങ്കാനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഇവിടെ 68 ശതമാനം മുസ്‌ലിംകള്‍ ഈ ഭയം പേറുന്നവരാണ്. തൊട്ടടുത്ത് ദേശീയ തലസ്ഥാനമായ ഡല്‍ഹിയാണ്(68 ശതമാനം). സര്‍ക്കാരേതര സംഘടനകളായ കോമണ്‍ കോസും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിന്റെ(സിഎസ്ഡിഎസ്) ഗവേഷണ വിഭാഗമായ ലോക്‌നീതിയുമാണ് സര്‍വേ സംഘടിപ്പിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് വിവേചനം നേരിടുന്നതും മുസ്‌ലിംകളാണ്. 26 ശതമാനം പേരാണ് ഇങ്ങിനെ കരുതുന്നത്. തൊട്ടടുത്ത് ഹിന്ദുക്കളും(18 ശതമാനം), മുന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളുമാണ്(16 ശതമാനം). ബിഹാറിലാണ് മുസ്‌ലിംകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ പോലിസ് വിവേചനം കാണിക്കുന്നത്. ജനസംഖ്യയുടെ 16 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതത്തിന്റെ  പേരില്‍ പോലിസ് വിവേചനം കാണിക്കുന്നതായി 56 ശതമാനം മുസ്‌ലിംകളും പറയുന്നു. ബിഹാറിന്റെ തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്.

2017 ജൂണ്‍, ജൂലൈ മാസങ്ങളിലായി 22 സംസ്ഥാനങ്ങളിലെ 15,563 പേരുമായി സംസാരിച്ചാണ് സര്‍വേ തയ്യാറാക്കിയത്. സ്റ്റാറ്റസ് ഓഫ് പോലിസിങ് ഇന്‍ ഇന്ത്യ റിപോര്‍ട്ട്-2018 എന്ന പേരിലുള്ള 220 പേജുള്ള സര്‍വേ റിപോര്‍ട്ട് ഈ വര്‍ഷം മെയിലാണ് പുറത്തുവിട്ടത്.

മുസ്‌ലിംകള്‍ക്കു പുറമേ ദലിതുകളും(38 ശതമാനം) ആദിവാസികളും(28 ശതമാനം) പോലിസില്‍ നിന്ന് വ്യക്തമായ വിവേചനം നേരിടുന്നു. മുസ്‌ലിംകളെ വ്യാജ ഭീകരവാദക്കേസുകളില്‍ കുടുക്കുന്നുണ്ടെന്ന കാര്യം സര്‍വേയില്‍ പങ്കെടുത്ത എല്ലാ മതവിഭാഗത്തിലുംപെട്ട 27 ശതമാനം പേരും അംഗീകരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it