Alappuzha local

പകര്‍ച്ച വ്യാധി പടരുന്നു: ജനങ്ങള്‍ ഭീതിയില്‍



കുട്ടനാട്: കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക് പാടശേഖരം വെള്ളക്കെട്ടിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിതോടെ ജനജീവിതം ദുസ്സഹമായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ പിഞ്ചുകുഞ്ഞുങ്ങളടക്കം ഇരുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. വേമ്പനാട് കായലില്‍ കുത്തിയെടുത്ത 1540 ഏക്കര്‍ കായല്‍ പാടശേഖരമാണ് ആര്‍ബ്ലോക്ക്. 21 മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കര്‍ഷകരിവിടെ കൃഷിയിറക്കിയിരുന്നത്. എന്നാല്‍ മൂന്നെണ്ണമൊഴികേ ബാക്കി മോട്ടോറുകള്‍ കേടായതോടെ ആര്‍ ബ്ലോക്കിലെ കൃഷി മുടങ്ങി. പമ്പിങ് മുടങ്ങിയതോടെ തുരുത്ത് വെള്ളത്തിനടിയിലായി. കൃഷി അവസാനിച്ചതോടെ നൂറിലധികം കുടുംബങ്ങള്‍ ആര്‍ ബ്ലോക്ക് വിട്ടു. അവശേഷിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് നരകയാതന അനുഭവിച്ച് ഇവിടെ കഴിയുന്നത്. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും മുട്ടോളം വെള്ളത്തിലാണ് ജീവിതം. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്കുള്ളിലാണ് ഇവിടെ പചാകവും ഉറക്കവുമെല്ലാം. വൃത്തിഹീനമായ ചുറ്റുപാടുകളിലെ ജീവിതം തുരുത്തിലെ താമസക്കാരില്‍ പലരെയും രോഗികളാക്കി. പകര്‍ച്ച വ്യാധികള്‍ ബാധിച്ച് ഇവിടുത്തെ കുട്ടികളടക്കം നിരവധി പേരാണ് കോട്ടയത്തെയും ആലപ്പുഴയിലെയും ആശുപത്രികളില്‍ കഴിയുന്നത്. കുട്ടനാടന്‍ നിലങ്ങളില്‍ നെല്‍കൃഷി സജീവമാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ ഭൂമി നല്‍കി കുടിയിരുത്തിയവരാണ് കര്‍ഷകരില്‍ ഏറിയ പങ്കും. എന്നാല്‍ തുരുത്ത് മുങ്ങി മാസങ്ങളായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
Next Story

RELATED STORIES

Share it