thrissur local

പകര്‍ച്ച പ്പനി - സ്വകാര്യ ആശുപത്രികളില്‍ സൗജന്യ മഴക്കാല പനി ക്ലിനിക്കുകള്‍ ആരംഭിക്കും: ജില്ലാ കലക്ടര്‍



തൃശൂര്‍: മഴക്കാലത്ത് വര്‍ദ്ധിച്ച പകര്‍ച്ച പനി നേരിടുന്നത്തിനു സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ഒ പി സൗകര്യം ആരംഭിക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രീകളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. ജൂബിലി മെഡിക്കല്‍ കോളജ്, മദര്‍ ആശുപത്രി എന്നിവിടങ്ങളില്‍ വൈകിട്ട് 4 മുതല്‍ 6 വരെയും, ദയ, അശ്വിനി, ബിഷപ്പ് ആലപ്പാട്ട്  മെമ്മോറിയല്‍, മെട്രോപൊളിറ്റന്‍, റോയല്‍, സേക്രഡ് ഹാര്‍ട് ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ വൈകിട്ട് 5 മുതല്‍ 7 വരെയും, യൂണിറ്റി ആശുപത്രിയില്‍ വൈകിട്ട് 4.30 മുതല്‍ 6 വരെയും അമല മെഡിക്കല്‍ കോളജില്‍ കാഷ്യാലിറ്റിക്കു സമീപം രാവിലെ 8 മുതല്‍ 12 വരെയും, അമല മെഡിക്കല്‍ കോളജിന്റെ പാട്ടുരാക്കലുള്ള നഗര ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയും സൗജന്യമായി പനിബാധിതരെ പരിശോധിക്കും. ഡെങ്കിപ്പനി ബാധിച്ച് രക്തത്തില്‍ പ്ലേറ്റിലൈറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ മാത്രമേ പ്ലേറ്റിലെറ്റ് ട്രാന്‍സ്ഫ്യുസ് ചെയ്യേണ്ടതുള്ളു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രക്തസ്രാവം ഇല്ലാത്ത രോഗിക്ക് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 10000 ത്തില്‍ താഴെയും രക്തസ്രാവം ഉള്ള രോഗിക്ക് 50000 ത്തില്‍ ആയാല്‍ മാത്രം രക്തം നല്‍കേണ്ടതുള്ളൂ എന്നാണ് ചികില്‍സാ മാര്‍ഗനിര്‍ദേശം. അതിനാല്‍ അവശ്യ അവസരങ്ങളില്‍ മാത്രം മാര്‍ഗ്ഗനിര്‍ദേശ പ്രകാരം രക്തം നല്‍കിയാല്‍ മതിയെന്നും ഡി എം ഒ സൂചിപ്പിച്ചു. രക്ത ബാങ്കുകളില്‍ ശേഖരമുള്ള പ്ലേറ്റിലെറ്റിന്റെ അളവ് തിട്ടപ്പെടുത്തി, ആവശ്യത്തിന് പ്ലേറ്റിലേറ്റുകള്‍ ഉറപ്പുവരുത്താനും നടപടികളെടുക്കും. അടുത്ത ഒരുമാസം കോളജുകളിലെ എന്‍ എസ് എസ് യൂനിറ്റുകളുടെ സഹകരിച്ചു കൂടുതല്‍ രക്ത ദാന ക്യാംപുകള്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ പനി  ബാധിത പ്രദേശങ്ങളില്‍ ആരംഭിക്കും. ചികില്‍സയിലിരിക്കെ രോഗി മരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിന് ശേഷം മാത്രമേ മരണ കാരണം മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരണത്തിന് നല്‍കാവൂ. തെറ്റായ മാധ്യമ റിപോര്‍ട്ടുകള്‍ പൊതുജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണിത്. ഇത്തരത്തിലുള്ള എല്ലാ മരണങ്ങളും ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘം പരിശോധിച്ച് മാധ്യമങ്ങള്‍ക്കു വിവരം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. പനി  പ്രതിരോധത്തിന്റെ ഭാഗമായി ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കും. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജിന്റെ മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വകുപ്പുമായി സഹകരിച്ചു കേടായ ഫോഗിങ് മെഷീനുകള്‍ ശരിയാക്കാന്‍ ജില്ലാതല ക്ലിനിക് സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it