malappuram local

പകര്‍ച്ചാവ്യാധി ഉറവിട നശീകരണ യജ്ഞത്തിനു തുടക്കം

മലപ്പുറം: പ്രളയാനന്തര പകര്‍ച്ചാവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ഊര്‍ജിത ഉറവിട നശീകരണ ത്രിദിന യജ്ഞത്തിനു തുടക്കമായി. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ വരെയാണ് തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ പരിപാടി നടത്തുന്നത്. മഹാപ്രളയത്തിനുശേഷം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സമീപം കെട്ടിക്കിടക്കുന്ന വസ്തുക്കള്‍ കൊതുകളുടെ ഉറവിടമായി മാറുന്നത് തടയാനാണ് യജ്ഞം. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉറവിട നശീകരണ യജ്ഞം.
അഴുക്കുചാല്‍ ശുചീകരണം, കൊതുകുകളുടെ പ്രജനനത്തിന് കാരണമാവുന്ന പാഴ്‌വസ്തുക്കള്‍ നശിപ്പിക്കുക, ഫോഗിങ് തുടങ്ങിയവ യജ്ഞത്തിന്റെ ഭാഗമായി നടക്കും. പുനരുപയോഗ യോഗ്യമായ വസ്തുക്കള്‍ ശുചിത്വ മിഷന്റെ സഹായത്തോടെ ശേഖരിക്കും. ആദ്യ ദിവസമായ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ശുചീകരണം നടന്നത്. എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട്‌സ്, പിടിഎ, വിവിധ ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്്. ഇന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മ്മാണ കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകള്‍ എന്നിവിടങ്ങളിലും നാളെ വീടുകളിലും മാര്‍ക്കറ്റ്, തെരുവുകള്‍ എന്നിവിടങ്ങളിലും ശുചീകരണം നടക്കും. ജനമൈത്രി പോലിസ്, ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനവും യജ്ഞത്തില്‍ ഉപയോഗപ്പെടുത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.
മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിഎച്ച് ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി എ സലീം എന്ന ബാപ്പുട്ടി, പരി അബ്ദുല്‍ മജീദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍. ടി പി നിര്‍മ്മല ദേവി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ജില്ലാ മലേറിയ ഓഫിസര്‍ യു കെ കൃഷ്ണന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ വി പ്രകാശ്, ജില്ലാ ടിബി ഓഫിസര്‍ ഡോ. ഹരിദാസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വേലായുധന്‍, മാസ് മീഡിയ ഓഫിസര്‍ ടി എം ഗോപാലന്‍, ബയോളജിസ്റ്റ്് ഭാസ്‌കരന്‍ തൊടുമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it