Kottayam Local

പകര്‍ച്ചവ്യാധി ഭീഷണി : മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു



മുണ്ടക്കയം: മഴക്കാലം ആരംഭിച്ചതോടെ മാലിന്യങ്ങള്‍ നിറഞ്ഞു മുണ്ടക്കയം പകര്‍ച്ചവ്യാധി ഭീഷണിയിലായി. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞൊഴുകി ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും മാലിന്യമൊഴുകുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദിവസങ്ങളായി തുടരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാത്ത അധികൃതരുടെയും കരാറുകാരന്റെയും നിലപാടിനെതിരേ വ്യാപകമായ പ്രതിക്ഷേധമാണുയര്‍ന്നിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ബസ് സ്റ്റാന്‍ഡില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. കംഫര്‍ട്ട് സ്റ്റേഷനില്‍നിന്നും ദേശീയപാത വരെ ഈ മലിനജലമൊഴുകിയെത്തുന്നു. ഇതില്‍ ചവിട്ടിയാണ് ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഇതോടൊപ്പം രൂക്ഷമായ ദുര്‍ഗന്ധവും പരക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കോസ്‌വേ ജങ്ഷനില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തോടൊപ്പം ബസ് സ്റ്റാന്‍ഡിലും മാലിന്യം നിറഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണിയുടെ സാധ്യത കൂടുതലാണ്. മഴക്കാലത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ നിറഞ്ഞൊഴുകുന്നത് ഇവിടെ പതിവാണ്. അത് മുന്നില്‍ കണ്ട് നിടപടികളെടുക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. ഓടയിലൂടെ മാലിന്യമൊഴുക്കുന്നവര്‍ക്ക് എതിരേ ശക്തമായ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച പഞ്ചായത്തിനു കംഫര്‍ട്ടു സ്റ്റേഷന്‍ പ്രശ്‌നം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it