kannur local

പകര്‍ച്ചവ്യാധി ഭീതി പരക്കുമ്പോഴും കംഫര്‍ട്ട്‌ സ്റ്റേഷനിലെ മലിനജലം റോഡില്‍



മട്ടന്നൂര്‍: ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ ഭീതി പരത്തുമ്പോഴും നഗരസഭയുടെ കീഴിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മലിനജലം റോഡുകളിലേക്ക് ഒഴുക്കുന്നത് വിവാദമാകുന്നു. പനി പടരുന്നതിനെതിരെ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും മുന്‍കരുതലും ബോധവല്‍ക്കരണവും നിരന്തരം നടക്കുമ്പോഴാണ് അധികൃതര്‍തന്നെ മലിനജലം ഒഴുക്കിവിട്ട് പകര്‍ച്ചവ്യാധികള്‍ക്ക് ഇടംനല്‍കുന്നത്. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടുകിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒഴുകിവരുന്നത്. കഴിഞ്ഞ ദിവസം മലിനജലം റോഡിലൂടെ ഒഴുക്കാന്‍ തുടങ്ങിയതോടെ ടാക്‌സി ജീവനക്കാര്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടിച്ചു. ഇത്, ടൗണിലെത്തിയ നിരവധി പേരെ മലമൂത്ര വിസര്‍ജനം നടത്താനാകാതെ വിഷയത്തിലാക്കി. കുറച്ചുവര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചതാണ് കംഫര്‍ട്ട്‌സ്‌റ്റേഷന്‍. നിര്‍മാണ നടക്കുമ്പോള്‍ തന്നെ കംഫര്‍ട്ട് സ്റ്റേഷന്റെ കുഴി സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം വഴി ദിനംപ്രതി നുറുകണക്കിന് യാത്രക്കാരാണ് കാല്‍നടയാത്ര ചെയ്യുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഇതു ദുസ്സഹമായിട്ടുണ്ട്. ഇത്തരം സംഭവം കണ്ടില്ലെന്ന് നടിച്ചാണ് നഗരസഭ ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it