malappuram local

പകര്‍ച്ചവ്യാധി ഭീതിയില്‍ പൊന്നാനി താലൂക്കാശുപത്രി ; മതിയായ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ ദുരിതത്തില്‍



പൊന്നാനി: പകര്‍ച്ചവ്യാധി ഭീഷണിയുടെ നടുവിലാണ് പൊന്നാനി താലൂക്കാശുപത്രി. വൃത്തി ഹീനമായ പരിസരങ്ങളും പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കും മാലിന്യം കുമിഞ്ഞ് കൂടിയതും മൂലം രോഗികളും രോഗികള്‍ക്ക് കൂട്ടിനിരിക്കുന്നവരും ഭീതിയോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. ജില്ലയിലെ ഏറ്റവും മോശമായ സാഹചര്യത്തില്‍ കഴിയുന്ന ഏക ആശുപത്രിയാണ് പൊന്നാനി താലൂക്കാശുപത്രി. പേ വാര്‍ഡില്‍ കൊതുകിന്റെ ശല്യം കാരണം രോഗികള്‍ ബുദ്ധിമുട്ടിലാണ്. കൊതുകിനെ കൊല്ലാന്‍ ഇലക്ട്രിക് ബാറ്റില്ലാതെ രോഗികള്‍ക്ക് ഇങ്ങോട്ട് പ്രവേശിക്കാനാവില്ല. കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും നിറഞ്ഞ് കനത്ത ദുര്‍ഗന്ധമാണ്. പലര്‍ക്കും ഇത് മൂലം അസഹ്യതയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് സാധാരണയാണ്.നഗരസഭയുടെ പരിധിയില്‍ നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാടിയപ്പോഴും ആശുപത്രിയുടെ കാര്യം അധികൃതര്‍ മറന്നു. മഴ പെയ്താല്‍ ചുറ്റും വെള്ളക്കെട്ടാകുന്ന ഈ ആശുപത്രിയില്‍ മാലിന്യം യഥാസമയം സംസ്‌കരിക്കാന്‍ മാര്‍ഗങ്ങളില്ല. സ്ഥലപരിമിതി തന്നെയാണ് പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നത്. ഒപി യില്‍ ഓരോ ദിവസവും ഇവിടെ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. എന്നാല്‍ മതിയായ ഡോക്ടര്‍മാര്‍ ഇവിടെയില്ല. താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ കാര്യമായ നടപടികള്‍ ഇനിയും എടുത്തിട്ടില്ല. പകല്‍ മൂന്ന് ഡോക്ടര്‍മാര്‍ ഒപി യില്‍ ഉണ്ടാവാറുണ്ടെങ്കിലും രാത്രിയി ല്‍ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍  ഉണ്ടാവുക. അത്യാഹിതം വന്നാല്‍ ഈ ഡോക്ടര്‍ തന്നെ അങ്ങോട്ടും പോവണം. മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികില്‍സ വൈകിയതിനെ ചൊല്ലി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നാല് തവണ രോഗികള്‍ ഹോസ്പിറ്റല്‍ ജീവനക്കാരുമായി കൈയേറ്റമുണ്ടായി. ആശുപത്രിയിലെ രോഗികളുടെ നിണ്ട ക്യൂ പലപ്പോഴും റോഡ് വരെ നീളും. മതിയായ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലങ്ങളായി. ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ നരക യാതന അനുഭവിക്കുന്ന കാഴ്ച പൊന്നാനി താലൂക്കാശുപത്രിയില്‍ തുടര്‍ക്കഥയായി മാറുകയാണ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പറയുന്നത് പ്രകാരം കൂടുതല്‍ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിര്‍ബന്ധമായും സര്‍ക്കാ ര്‍ എടുത്താലേ ഈ ദുരിതത്തിന് അറുതിയാവൂ എന്നാണ്.ദിനേന രണ്ടായിരത്തിലധികം  വരുന്ന രോഗികളെ ചികില്‍സിക്കാന്‍ ഉള്ള നാലോ അഞ്ചോ ഡോക്ടര്‍മാരില്‍ പലരും അത്യാഹിത വിഭാഗത്തിലേക്കും മറ്റും പലപ്പോഴും പോവുന്നതിനാല്‍ വിഷയം വളരെ വഷളാവുകയാണ്.
Next Story

RELATED STORIES

Share it