wayanad local

പകര്‍ച്ചവ്യാധി പ്രതിരോധം: മഴയ്ക്കു മുമ്പേ തയ്യാറെടുക്കണം

കല്‍പ്പറ്റ: മഴക്കാലത്തിന്റെ ആരംഭത്തോടെ പകര്‍ച്ചവ്യാധിക ള്‍ പിടിപെടുവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജന്തുജന്യരോഗമായ എലിപ്പനി, തുടങ്ങിയവക്കെതിരേ പ്രത്യേക മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക്, കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കണം. ജനപ്രതിനിധികളുടേയും ഇതര വകുപ്പുകളുടേയും സഹകരണത്തോടെ ഇക്കാര്യങ്ങള്‍ ഏകോപിക്കുവാന്‍ ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുവാനും നിര്‍ദേശം നല്‍കി.
ഇടവിട്ട് ലഭിക്കുന്ന മഴയുടെ പാശ്ചാത്തലത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ വീടുകളുടെയും സ്ഥാപനങ്ങളുടേയും പരിസരങ്ങളിലുള്ള വെള്ളം കെട്ടിനില്‍ക്കുന്നതും കെട്ടികിടക്കാന്‍ സാധ്യതയുള്ളതുമായ എല്ലാ പാഴ്—വസ്തുക്കളും (ഉദാ: ഒഴിഞ്ഞകുപ്പി, പാത്രം ചിരട്ട, മുട്ടത്തോട്, പാള, ഉപയോഗിക്കാത്ത ചെടിച്ചട്ടികള്‍ തുടങ്ങിയവ) അടിയന്തരമായി നീക്കം ചെയ്യണം. കൃഷിയിടങ്ങളുടെ പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനിടയാവുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം. വീടുകളുടെ റൂഫിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വൃത്തിയാക്കണം.
ജലജന്യരോഗങ്ങളെ നേരിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കിണറുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തുകയും വേണം. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.
വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ അടച്ചു സൂക്ഷിക്കണം. ആഹാരം പാകം ചെയ്യുവാനും മറ്റും ശുചിത്വമുള്ള വെള്ളം തന്നെ ഉപയോഗിക്കണം. വഴിവക്കിലുള്ള, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. രോഗമുണ്ടായാല്‍ സ്വയം ചികില്‍സ ചെയ്യാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിലല്‍സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it