kannur local

പകര്‍ച്ചവ്യാധി തടയാന്‍ കര്‍ശന നടപടികള്‍ക്കു നിര്‍ദേശം



കണ്ണൂര്‍: ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കലക്‌റേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പ്രതിരോധ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ജലദൗര്‍ലഭ്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഹോട്ടലുകളിലും മറ്റും പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ തിളപ്പിച്ച വെള്ളം മാത്രമേ ജനങ്ങള്‍ക്ക് കുടിക്കാനായി നല്‍കാവൂ. ഐസ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന വെള്ളവും പരിശോധനയ്ക്കു വിധേയമാക്കും. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ ആഴ്ചയിലൊരിക്കലെങ്കിലും അണുവിമുക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി.  കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. പലയിടങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം ചടങ്ങായി മാറുകയാണു പതിവ്. എന്തൊക്കെ ശുചീകരണ പ്രവൃത്തികളാണ് വാര്‍ഡ് തലത്തില്‍ നടപ്പാക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തമായ ബോധവല്‍ക്കരണം വേണം. ഓരോ വാര്‍ഡിലും ഇവ നടപ്പായോ എന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ കാംപയിന്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതി, സര്‍വെയ്‌ലന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ ശ്രീനാഥ്, ആയുര്‍വേദ ഡിഎംഒ ഡോ. പി വി ശ്രീദേവി, ഹോമിയോ ഡിഎംഒ ഡോ. കെ രാമസുബ്രഹ്്മണ്യം, വിവിധ വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടര്‍മാര്‍, ശുചിത്വമിഷന്‍, ഐഎംഎ പ്രതിനിധികള്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it