ernakulam local

പകര്‍ച്ചവ്യാധിക്കെതിരേ അടിയന്തര നടപടികള്‍ : ജില്ലാ വികസനസമിതി



കാക്കനാട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരേ അടിയന്തര നടപടികള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. എച്ച്1എന്‍1, ഡെങ്കിപ്പനി എന്നിവ അപകടകരമായ നിലയില്‍ പടരുന്ന പായിപ്രയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്ക് ആരംഭിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.ആവശ്യങ്ങള്‍ പരിഗണിക്കാനും പനി പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ജില്ലാകലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് രണ്ടുവര്‍ഷം മുന്‍പ് മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മാറ്റിപ്പാര്‍പ്പിച്ച നാല് കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടും സ്ഥലവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. അങ്കമാലി ശബരി റെയില്‍ പാതയുടെ സ്ഥലമെടുപ്പിനായി 213 കോടി രൂപ ജോയ്‌സ് ജോര്‍ജ് എംപി, എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.കളമശ്ശേരി മുട്ടാര്‍ പുഴ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ യോഗത്തില്‍ ഉന്നയിച്ചു. മുട്ടാര്‍ പുഴയുടെ കൈവഴികളായ തുവരംകുത്തിതോടില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. കൂടാതെ പ്രവര്‍ത്തനരഹിതമായ പെട്ടിയും പറയും തൂമ്പുങ്കല്‍ തോടില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു. മാലിന്യങ്ങള്‍ നിറയുകയാണ്. ഈ പ്രശ്‌നം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ചെറുകിട ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.കുന്നുകര പഞ്ചായത്തിലെ പകല്‍ വീടു പൂര്‍ത്തിയാക്കുന്നതിന് നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തങ്കളം കാക്കനാട് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും അതിനോടനുബന്ധിച്ച സ്ഥലമേറ്റെടുക്കലും വേഗത്തിലാക്കും. ഇതു സംബന്ധിച്ച് യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടറേറ്റില്‍ ചേരാന്‍ തീരുമാനമായി.കഴിഞ്ഞ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കു മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, അസി. കലക്ടര്‍ ഇഷ പ്രിയ, എന്നിവരും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it