Flash News

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി



തിരുവനന്തപുരം: പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തുടനീളം പനി പടരുമ്പോഴും പ്രതിരോധനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി എസ് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, പകര്‍ച്ചവ്യാധികളെ തടയാന്‍ എല്ലാ പ്രതിരോധ നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയത്. പനിമൂലം ഇതുവരെ 62പേര്‍ മരിച്ചതായി വി എസ് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുമാസമായി 431 പേര്‍ക്ക് എച്ച്1എന്‍1 ബാധിച്ചു. അതില്‍ 31 പേര്‍ മരണപ്പെട്ടു. ഈമാസം ഇതുവരെ എട്ടുപേര്‍ മരിച്ചു. സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞദിവസം മാത്രം 9034 പേരാണു പനിബാധിച്ച് ചികില്‍സ തേടിയത്. ഈവര്‍ഷം 7,77,637 പേര്‍ പനിക്ക് ചികില്‍സ തേടിയെത്തി.എല്ലാവര്‍ഷവും ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ കൈക്കൊള്ളാറുണ്ട്. എന്നാല്‍ ഇത്തവണ മാര്‍ച്ചിലാണ് യോഗം ചേര്‍ന്നത്. ഇക്കൊല്ലം സാധാരണയില്‍ കവിഞ്ഞ് എച്ച്1 എന്‍1 പടരുമെന്നാണ് റിപോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിച്ച ശക്തമായ നടപടികള്‍ മൂലമാണ് മരണനിരക്ക് 24ല്‍ ഒതുക്കാനായതെന്നും മന്ത്രി പറഞ്ഞു. കേരളാ കോണ്‍ഗ്രസ്(എം) വിഭാഗവും ഒ രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it