palakkad local

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പുന്നറ ഹൈസ്‌കൂള്‍ റോഡിലെ മലിനജലത്തിന് പരിഹാരമില്ല

പട്ടാമ്പി: അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും റിപോര്‍ട്ട് ചെയ്തിട്ടും പുന്നറ-ഹൈസ്‌കൂള്‍ റോഡിലെ മാലിന്യ പ്രശ്‌നത്തില്‍ നടപടിയില്ല. ടൗണില്‍ പെരിന്തല്‍മണ്ണ റോഡില്‍ നിന്നു മൂന്നാം വാര്‍ഡ് പുന്നറ ശിവക്ഷേത്രത്തിനു മുന്നിലൂടെ മുളയന്‍കാവ് റോഡിലേക്ക് ചേരുന്ന ബൈപാസ് റോഡിലാണ് വര്‍ഷങ്ങളായി മലിനജലം കെട്ടിനില്‍ക്കുന്നത്. പുന്നറ ശിവക്ഷേത്രം, ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രി, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന മിനി ബൈപാസ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. റോഡ് ശോച്യാവസ്ഥയും മലിനജലവും കാരണം ഓട്ടോകള്‍ പോലും വിളിച്ചാല്‍ വരാതായെന്നു നാട്ടുകാര്‍ പറയുന്നു. പെരിന്തല്‍മണ്ണ റോഡ്, പുന്നറ പ്രദേശങ്ങളില്‍ നിന്നും കൊപ്പം ഗവ. ഹൈസ്‌കൂളിലേക്കും മുളയന്‍കാവ് റോഡില്‍ നിന്നും ഗവ. ആശുപത്രിയിലേക്കും എളുപ്പ വഴിയായതിനാല്‍ വിദ്യാര്‍ഥികളും നാട്ടുകാരും ഈ റോഡിലൂടെയാണ് യാത്ര.
പുന്നറ ശിവക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങളും മാലിന്യ റോഡ് കാരണം ദുരിതത്തിലാണ്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുന്നറ പ്രദേശത്ത് ടൗണിലെ വിവിധ കടകളിലെ മലിനജലം കെട്ടി നിന്നാണ് പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നത്. ടൗണിലെ വിവിധ കടകളിലെ അഴുക്കുവെള്ളം ജനവാസ കേന്ദ്രത്തിലേക്കാണ് ഒഴുക്കിവിടുന്നത്. വര്‍ഷങ്ങളായി തുടരുന്ന സാമൂഹിക ദ്രോഹത്തിനെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ല. മഴക്കാലത്ത് മഴവെള്ളവും അഴുക്കുവെള്ളവും കലര്‍ന്നു റോഡില്‍ കെട്ടിനില്‍ക്കുന്നത് മൂലം കൊതുകു ശല്യം രൂക്ഷമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത് പുന്നറ പ്രദേശത്താണ്. കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതര്‍ നല്‍കുന്ന സൂചന പ്രകാരം ഇത്തവണയും ഇവിടെ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഡെങ്കി ബാധിച്ചു ഒരാള്‍ മരിച്ചിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന ടൗണ്‍ ചേരിയോടുള്ള അവഗണനക്കെതിരേ സാമൂഹിക പ്രവര്‍ത്തകന്‍ കളത്തില്‍വളപ്പില്‍ അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മൂന്നാം വാര്‍ഡ് നിവാസികള്‍ ഇത്തവണയും പഞ്ചായത്തിലും ആരോഗ്യ വകുപ്പിനും പരാതി നല്‍കി.
Next Story

RELATED STORIES

Share it