malappuram local

പകര്‍ച്ചവ്യാധികള്‍ പടരുന്നു : നിലമ്പൂര്‍ നഗരസഭയില്‍ ജീവിതം നരകതുല്യം



നിലമ്പൂര്‍: പകര്‍ച്ചവ്യാധികള്‍ രൂക്ഷമാവുമ്പോഴും നിലമ്പൂര്‍ നഗരസഭയുടെ നിസ്സംഗമായ നിലപാടില്‍ പൊതുജനം ആശങ്കയില്‍. ആരോഗ്യവിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫിസുകളില്‍ വളരെ സജീവമാണ്. നോട്ടീസുകളും ബോധവല്‍ക്കരണങ്ങളും നടത്തി വരുന്നുണ്ട്. എന്നാല്‍, നാട്ടില്‍ നടക്കുന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ കൈകൊള്ളുന്നതിന് നഗരസഭ തയ്യാറാവുന്നില്ല. നഗരസഭയുടെ അനുമതിയോ, ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി മല്‍സ്യ-മാംസ കച്ചവടങ്ങള്‍ സജീവമാണ്. മാടുകളെ അറവുനടത്തുന്നതിനുള്ള ശാസ്ത്രീയമായ യാതൊരു സംവിധാനവും ഇവിടങ്ങളിലില്ല. കച്ചവട സ്ഥാപനങ്ങളില്‍ വച്ചുതന്നെ യഥേഷ്ടം കാലികളെ അറവ് നടത്തി വില്‍ക്കുകയാണ്. മാര്‍ക്കറ്റ് പൊളിച്ച്ുമാറ്റി പുതിയത് നിര്‍മിക്കാന്‍ വേണ്ടിയുള്ള തീരുമാനം കാരണമാണ് ലൈസന്‍സ് നല്‍കാത്തതെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍പ്പെട്ട കച്ചവടക്കാര്‍ക്ക് താല്‍കാലികമായ ഒരു സംവിധാനവും  ഉണ്ടാക്കി കൊടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല. ആരോഗ്യരംഗത്ത് പ്രഥമ പരിഗണന നല്‍കേണ്ട ഇത്തരം കാര്യങ്ങളില്‍ നഗരസഭ ഭരിക്കുന്ന യുഡിഎഫിന് താല്‍പര്യമില്ല. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും രമ്യതയിലല്ല എന്നതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കാലികളെ അറവ് നടത്തുന്നത് കച്ചവടം നടക്കുന്ന മുറികളില്‍ തന്നെയാണ്.  അവയുടെ രക്തവും മറ്റ് മാലിന്യവും റോഡിലേക്കും തോടിലേക്കുമാണ് ഒഴുക്കിവിടുന്നത്. തുറന്നുകിടക്കുന്ന മാലിന്യം നിറഞ്ഞ അഴുക്കുചാലുകളും പകര്‍ച്ചവ്യാധിക്ക് കാരണമാവുന്നുണ്ട്.  മഴ തുടങ്ങിയതോടെ മാലിന്യം വിവിധയിടങ്ങളില്‍ കെട്ടികിടക്കുകയാണ്. ഡെങ്കി കൊതുകുകളടക്കം ഇവിടെ വളരുന്നുണ്ട്. ഇവയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രതിരോധ മരുന്ന് തെളിക്കുന്നതിനോ മറ്റ് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളോ ഇവിടങ്ങളില്‍ സജീവമല്ല.
Next Story

RELATED STORIES

Share it