thiruvananthapuram local

പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ നഗരസഭ പരാജയപ്പെട്ടെന്ന് വിഎസ് ശിവകുമാര്‍



തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് തടയുന്നതിന് നഗരസഭയും പൊതുമരാമത്ത്, ജലവിഭവപ്പുകളും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ. മുമ്പെങ്ങുമില്ലാത്ത രീതിയില്‍ മാരകരോഗങ്ങള്‍ നഗരത്തില്‍ പടര്‍ന്നുപിടിക്കുകയാണ്.  ഇത് തടയുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ത്തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.  എന്നാല്‍, ജനങ്ങളുടെ ജീവനുതന്നെ പകര്‍ച്ചവ്യാധികള്‍ ഭീഷണി ഉയര്‍ത്തിയിട്ടും നഗരസഭയും വിവിധ വകുപ്പുകളും തമ്മില്‍ ഏകോപിച്ചുള്ള ഒരു പ്രവര്‍ത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ലായെന്നത് തികച്ചും കുറ്റകരമായ അനാസ്ഥയാണ്.  തോടുകളും ഓടകളും ശുചീകരിക്കുന്നത് സംബന്ധിച്ച ഈ മാസം മൂന്നിനാണ് കോര്‍പ്പറേഷന്‍ ഒരു യോഗമെങ്കിലും വിളിച്ചുചേര്‍ത്തത്. മാലിന്യങ്ങള്‍ ഓടകളില്‍ കെട്ടിക്കിടക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണം. അതുപോലെതന്നെ, ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടാകുന്ന കടല്‍ക്ഷോഭം നേരിടുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് വി.എസ്.ശിവകുമാര്‍ പറഞ്ഞു.  വലിയതുറ, പൂന്തുറ തുടങ്ങിയ കടല്‍ക്ഷോഭമുള്ള തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് നിരവധി തവണ നിയമസഭയിലും മന്ത്രിമാരോട് നേരിട്ടും അഭ്യര്‍ഥിച്ചുവെങ്കിലും ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.  കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും, നിര്‍ത്തിവച്ചിരിക്കുന്ന ബീമാപള്ളി പുലിമുട്ട് നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it