kozhikode local

പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത

വടകര: നഗരസഭക്കകത്ത് അഞ്ച് എലിപ്പനി, മൂന്ന് മലേറിയ, ഒരു ഡെങ്കിപ്പനി, ഒറ്റപ്പെട്ട രീതിയില്‍ മഞ്ഞപ്പിത്തം എന്നിവ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കി വരുന്നതായി സെക്രട്ടറി കെ യു ബിനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എലിപ്പനി രോഗം റിപോര്‍ട്ട് ചെയ്ത പുതിയാപ്പ്, ചീനംവീട്, പരവന്തല, തുരുത്തിയില്‍, പുത്തൂര്‍ വെളുത്തമല എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തും. ഡോക്‌സീ സൈക്ലിന്‍ എന്ന ഗുളിക ഈ മേഖലയില്‍ വിതരണം ചെയ്തു വരികയാണ്. മാത്രമല്ല മൈക്ക് അനൗണ്‍സ്‌മെന്റ്, നോട്ടീസ് വിതരണം, മാധ്യമങ്ങളില്‍ കൂടിയുള്ള ബോധവല്‍ക്കരണം എന്നിവ നിരന്തരം നടത്തും. 13ന് 3 മണിക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തും. ഇന്ന് രാത്രി മലമ്പനി, ഡെങ്കിപ്പനി ബാധിത മേഖലയില്‍ ഫോഗിങ് നടത്തും. സ്‌പ്രെയിങ് കൊതുക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നടന്നു വരുന്നു. 13ന് തന്നെ 20 വാര്‍ഡുകളില്‍ ഒരുമിച്ച് ബോധവല്‍കരണ ക്ലാസ് നടത്തും. നഗരസഭ, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിച്ച് രോഗവ്യാപനം തടയാന്‍ നഗരസഭ ചെയര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it