thrissur local

പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

തൃശൂര്‍: ആരോഗ്യവകുപ്പിന്റെ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രളയത്തിനു ശേഷം എലിപ്പനി മൂലമുള്ള മരണങ്ങള്‍ വലിയൊരു വിപത്തായി മാറാനുള്ള സാധ്യത നേരത്തെതന്നെ മുന്നില്‍ കണ്ടുകൊണ്ടു ആരോഗ്യവകുപ്പ് പ്രതിരോധത്തിനുള്ള നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചു. കുടിവെള്ളസ്രോതസ്സുകളുടെ കൃത്യമായ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്റെ ലഭ്യത, ദുരന്തബാധിത പ്രദേശങ്ങളിലെ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍, ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ ജില്ലാതലത്തില്‍ നിന്നും ഉറപ്പുവരുത്തുന്നുണ്ട്. നിലവില്‍ കൊതുകു സാന്ദ്രത പഠനത്തില്‍ കൊതുകു സാന്ദ്രത കുറവാണെങ്കിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉറവിടനശീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. ചെടിച്ചെട്ടികള്‍, ഉപയോഗസൂന്യമായ കുപ്പികള്‍, പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വ്യാജപ്രചാരണങ്ങള്‍ക്കു വശംവദരാകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും പരിസരശുചീകരണം എല്ലാ ജനങ്ങളും സ്വന്തം ഉത്തരവാദിത്തമായിത്തന്നെ എടുത്തുകൊണ്ടു പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒരുമിച്ചു മുന്നേറണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ ജലജന്യ രോഗങ്ങള്‍ പിടിപെടാതിരിക്കുവാന്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനുപുറമെ 20 മിനിറ്റ് തിളപ്പിച്ചാറിയത്തിനു ശേഷം മാത്രം ഉപയോഗിക്കണമെന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും കൈകഴുകല്‍ എല്ലാവരും ഒരു ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it