malappuram local

പകര്‍ച്ചവ്യാധികളുടെ ഭീഷണിഅതീവ ജാഗ്രതയോടെ ജില്ലാഭരണകൂടം

മലപ്പുറം: ജില്ലയില്‍ ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തില്‍ ജില്ലാകലക്ടര്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ 146 ഡങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. 838 കേസുകളാണ് ഡങ്കിപ്പനി സംശയിച്ച് ചികില്‍സ തേടിയിട്ടുള്ളത്. ഇതില്‍ നാലുപേര്‍ മരിച്ചു.
14 പേര്‍ക്ക് എലിപ്പനി ബാധിച്ചതായും ഇതില്‍ മൂന്ന് പേര്‍ മരിച്ചതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. 19 പേര്‍ എലിപ്പനി ബാധിതരാണെന്ന് സംശയിക്കുന്നു. 737 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് സംശയിക്കുന്നത്. 64 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ ഡങ്കിപ്പനി ബാധിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. രക്തസ്രാവം ബാധിച്ച് മരിക്കുന്ന കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതപാലിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിക്കും. എല്ലാ ആഴ്ചയിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. എല്ലാ ബുധനാഴ്ചയും നാല് മണിക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. ജില്ലാകലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം പ്രത്യേകം നിരീക്ഷിക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കണം. വീടും ഓഫിസും ചുറ്റുപാടുകളും ശുചിയായി സൂക്ഷിക്കണം. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും ഞായറാഴ്ചകളില്‍  വീടും പരിസരവും ശുചീകരിക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ജില്ലാവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. റബ്ബര്‍ തോട്ടങ്ങള്‍, കവുങ്ങിന്‍ തോട്ടങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ കൃഷിവകുപ്പ് ശേഖരിക്കണം.
തോട്ടങ്ങളില്‍  എലി നശീകരണത്തിന് നടപടികള്‍ സ്വീകരിക്കണം.  കിണറുകളും ജലസംഭരണികളും സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കണം. ആശ വര്‍ക്കര്‍മാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സേവനം ഇതിനായി ഉപയോഗിക്കണം. ഇക്കാര്യത്തില്‍ തദ്ദേക സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കണം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാന്‍ രോഗികളും അവരെ പരിചരിച്ചവരും പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം.ചുങ്കത്തറ മേഖലയില്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനവാസ മേഖലയോട് ചേര്‍ന്ന വനഭൂമിയിലെ അടിക്കാടുകള്‍ വെട്ടിനീക്കാന്‍ സൗകര്യമൊരുക്കുമെന്ന് നിലമ്പൂര്‍ ഡിഎഫ് ഒ അറിയിച്ചു. ഡെങ്കി കൊതുകുകള്‍ വളരാതിരിക്കാനാണ് നടപടി. ഇതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ വനം വകുപ്പില്‍ അപേക്ഷ നല്‍കണമെന്നും ഡിഎഫ്ഒ അറിയിച്ചു.
Next Story

RELATED STORIES

Share it