Flash News

പകര്‍ച്ചപ്പനി: ഇതുവരെ മരിച്ചത് 62 പേര്‍;കാലാവസ്ഥാ വ്യതിയാനംമൂലമെന്ന് മന്ത്രി

പകര്‍ച്ചപ്പനി: ഇതുവരെ മരിച്ചത് 62 പേര്‍;കാലാവസ്ഥാ വ്യതിയാനംമൂലമെന്ന് മന്ത്രി
X


തിരുവനന്തപുരം:സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിനല്‍കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം, കുടിവെള്ളക്ഷാമം, വരള്‍ച്ച തുടങ്ങിയ കാരണങ്ങളാലാണ് സംസ്ഥാനത്ത് പനി പടര്‍ന്നുപിടിച്ചത്. എന്നാല്‍ പനിമരണം കുറക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പനിയില്ലാതാക്കാനാകില്ല. പനിമരണം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. പിനിബാധിച്ച് മരിച്ചവരില്‍ ഏറെയും ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരാണെന്നും കെകെ ശൈലജ പറഞ്ഞു.
അതേസമയം, വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. മഴക്കാലത്തിന് മുന്‍പ് തന്നെ 62 പേര്‍ പനി ബാധിച്ച് മരിച്ചു. ഇനിയും ഇത് നിയന്ത്രിക്കാനായില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വിഎസ് ശിവകുമാര്‍ എംഎല്‍എ ആരോപിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കേണ്ട പതിനായിരം രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ പണം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഈ വര്‍ഷം എച്ച്1എന്‍1 അടക്കമുള്ള പകര്‍ച്ചപ്പനി കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. പനി പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മരുന്നുകള്‍ എല്ലാ ജില്ലയിലും എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ പനി ബാധിച്ച് 914 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍ അത് 27 ല്‍ നിര്‍ത്താനായത് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്നൊരുക്കത്തിന്റെയും ഫലമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it