Kottayam Local

പകര്‍ച്ചപ്പനി വ്യാപിക്കുന്നു ; അധികൃതര്‍ക്കു നിസ്സംഗത



ചങ്ങനാശ്ശേരി: നഗരത്തിലും സമീപങ്ങളിലും പകര്‍ച്ചപ്പനി വ്യാപകമാവുന്നു. ഇതിനെതിരേ അധികൃതര്‍ നിസ്സംഗത പ്രകടിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്്. കാലവര്‍ഷം ആരംഭിച്ചതോടെ ചൂടും തണുപ്പും ഇടകലര്‍ന്ന കാലാവസ്ഥ ആരംഭിച്ചതോടെയാണ് പകര്‍ച്ചപ്പനി വ്യാപകമായത്. ഇവര്‍ക്കിടയില്‍ ഡെങ്കിപ്പനിയും ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ പൂവം, മനക്കച്ചിറ, വാഴപ്പള്ളി പഞ്ചായത്തിന്റെ പലഭാഗങ്ങളിലും പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ എണ്ണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ മടിക്കുകയാണ്. അതിരാവിലെ തന്നെ ജനറല്‍ ആശുപത്രയില്‍ പനിബാധിതരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. സമാനമായ നിലയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ ആശുപത്രികളിലും പനിബാധിതര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുക്കാഞ്ഞിരം ചാത്തനാട് കുഞ്ഞപ്പന്‍ മകന്‍ രാജപ്പന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പനിബാധയേറ്റു മരണപ്പെട്ടിരുന്നു. മഴ ആരംഭിച്ചതോടെ നഗരത്തിലെ ഓടകളിലും തോടുകളിലും കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ കൊതുക് കൂത്താടികള്‍ വളരുകയും ഇപ്പോള്‍ നഗരത്തിലെങ്ങും കൊതുകുശല്യവും ഏറിയിട്ടുണ്ട്. നഗരമധ്യ കടന്നുപോവുന്ന ഉമ്പുഴിച്ചിറ തോട്, പോത്തോട്, മനക്കച്ചിറ തോട് എന്നിവയുടെ ഇരുകരകൡലും താമസിുന്നവര്‍ക്കാണ് കൊതുകുശല്യം ഏറെ അനുഭവപ്പെടുന്നത്. മുന്‍കാലങ്ങളില്‍ കൊതുകു നശീകരണത്തിനായി മഴ ആരംഭിക്കുന്നതിനു മുമ്പേതന്നെ നടപടികള്‍ എടുത്തിരുന്നെങ്കിലും ഇത്തവണ അത്തരം നടപടികള്‍ എടുത്തിട്ടില്ലെന്ന ആേേക്ഷപവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവും ചില സ്ഥലങ്ങളില്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. മഴ ശക്തി പ്രാപിക്കുന്നതോടെ പകര്‍ച്ചപ്പനി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it