Kollam Local

പകര്‍ച്ചപ്പനി പ്രതിരോധത്തിനും ചികില്‍സയ്ക്കും ആയൂര്‍വേദ ആശുപത്രികള്‍ സജ്ജം



കൊല്ലം: പകര്‍ച്ചപ്പനി പ്രതിരോധത്തിനും പനി ബാധിച്ചവര്‍ക്ക് ഫലപ്രദമായ ചികില്‍സ ലഭ്യമാക്കുന്നതിനും  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളും ഡിസ്‌പെന്‍സറികളും സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി എസ് ശശികല  അറിയിച്ചു. ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പനി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ജലീകരണത്തിന് സാധ്യതയുള്ളതിനാല്‍ പനിബാധിതര്‍ ധാരാളം ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ കുടിക്കണം. ശരീരത്തിന് അമിത ചൂട്, പുറം വേദന, തൊണ്ടവേദന, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കുവാന്‍ പ്രയാസം, സന്ധികള്‍ക്ക് വേദന, ശരീരത്തില്‍ ചുവന്നു തടിച്ച പാടുകള്‍, ചൊറിച്ചില്‍ മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികില്‍സ നടത്താതെ ഡോക്ടറെ സമീപിക്കണം. ഒരു പ്രാവശ്യം പനി വന്നുമാറിയ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പനി വന്നാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണം. വൈറല്‍ പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1 എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ സമാനമായതിനാല്‍ രക്തപരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുവാന്‍ സാധിക്കൂ. ആയൂര്‍വേദത്തില്‍ ഈ രോഗങ്ങളുടെ ചികില്‍സക്കായി താരതമ്യേന ചെലവ് കുറഞ്ഞ ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. പനിയുടെ ആരംഭത്തില്‍ തന്നെ ആയൂര്‍വേദ ഡോക്ടര്‍മാരെ സമീപിക്കണമെന്ന് ഡിഎം ഒ അറിയിച്ചു.
Next Story

RELATED STORIES

Share it