thiruvananthapuram local

പകര്‍ച്ചപ്പനി : നഗരസഭയുടെ സ്‌പെഷ്യല്‍ കൗണ്‍സില്‍ അലസിപ്പിരിഞ്ഞു



തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രണപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭയുടെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ബഹളംമൂലം അലസിപ്പിരിഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്നാരോപിച്ച് കൗണ്‍സില്‍ ഹാളില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുന്നു. കൗണ്‍സില്‍ യോഗത്തിന് ശേഷം ചേംബറില്‍ നിന്ന് മേയര്‍  മടങ്ങിപ്പോയിട്ടും ബിജെപി പ്രതിഷേധം വൈകിയും തുടരുകയാണ്.  ചൊവ്വാഴ്ച രാവിലെ വരെ പ്രതിഷേധം തുടരുമെന്നാണ് ബിജെപി ജില്ലാ  നേതൃത്വം അറിയിച്ചു. ഡെങ്കിപ്പനിക്കെതിരേ പ്രസംഗിച്ചതല്ലാതെ വ്യക്തമായ നിര്‍ദേശങ്ങള്‍ രൂപപ്പെടാതെയാണ്  യോഗം പിരിഞ്ഞത്. ഇതിനിടെയാണ് ചര്‍ച്ച നടന്നില്ലെന്നും  സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാരോപിച്ച് ബിജെപി  കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും പകര്‍ച്ച വ്യാധികളും പടരുമ്പോഴും  വാര്‍ഡുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭരണപ്രതിപക്ഷ  കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം പേരും ചെയ്തിട്ടില്ലെന്നാണ് വ്യാപകമായ  ആക്ഷേപം. ഡെങ്കിപ്പനിയും എലിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്ന നഗരത്തില്‍  കൗണ്‍സിലര്‍മാര്‍ക്ക് അവരവരുടെ വാര്‍ഡുകളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നിലച്ചുപോയ നഗരത്തിലിപ്പോള്‍ എല്ലായിടത്തും മാലിന്യക്കൂനകളാണ്. ഓരോ വാര്‍ഡിലും മാലിന്യപ്രശ്‌നങ്ങള്‍ രൂക്ഷമാണ്.  ഇവ  പരിഹരിക്കുന്നതിന് പകരം പരസ്പരം രാഷ്ട്രീയ  ആരോപണ പ്രത്യാരോപണങ്ങളാണ് കൗണ്‍സിലിലും ഇന്നലെ നടന്നത്. കൊതുകിന്റെ ഉറവിട നശീകരണം റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് വാര്‍ഡ് തലത്തില്‍  കൗണ്‍സിലര്‍മാര്‍ക്ക് നടത്താനാവും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് രോഗം പകരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് നേരെത്തെ ആരോപിച്ചിരുന്നു. കാടും പടലും വെട്ടിത്തെളിച്ച്  ശുചിത്വമുള്ള പ്രദേശമാക്കാന്‍ സ്ഥലമുടമകള്‍ക്ക് നിര്‍ദേശം നല്‍കാം.  എന്നാല്‍ ഒരു കൗണ്‍സിലറെ പോലും ഈ വഴിക്ക് കാണുന്നില്ലെന്നാണ്  നാട്ടുകാരുടെ പരാതി. ശുദ്ധമായ ജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍  പെറ്റുപെരുകുന്നത്. ഇത് വീടുവീടാന്തരം കയറി ജനങ്ങളെ  ബോധ്യപ്പെടുത്താന്‍ കഴിയും. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് അത് ബാധകമല്ലെന്ന്  കൈകഴുകി നടക്കുകയാണ് പല കൗണ്‍സിലര്‍മാരും. രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം വാര്‍ഡുകളിലെ മാലിന്യസംസ്‌കരണ  മാര്‍ഗങ്ങളും തടസപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it