Flash News

പകര്‍ച്ചപ്പനി : ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി



തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി നിവേദനം സമര്‍പ്പിച്ചു. പകര്‍ച്ചവ്യാധികള്‍ രൂക്ഷമായിട്ടും ആരോഗ്യവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്ത് ഇതിനോടകം ആയിരക്കണക്കിനു പേര്‍ക്ക് പനി ബാധിച്ചു. ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍പോലും മതിയായ സൗകര്യങ്ങളില്ല. പല ജില്ലകളിലും മരുന്നും ഡോക്ടര്‍മാരും ഇല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞകാലങ്ങളിലെ സര്‍ക്കാരുകളെല്ലാം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായി നേതൃത്വം നല്‍കിയിരുന്നു. മഴക്കാലത്തിനു മുമ്പു തന്നെ മഴക്കാലരോഗങ്ങള്‍ക്കുള്ള പ്രതിരോധം ഒരുക്കിയിരുന്നു. എന്നാല്‍, ഇവിടെ ആരോഗ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെയെല്ലാം ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അത്തരമൊരു നടപടിയാണ് നിലവിലെ അവസ്ഥയിലേക്കു നയിച്ചത്. ശുചിത്വമില്ലായ്മ ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ഇതിനായി ആരോഗ്യവകുപ്പ് കര്‍ശന ഇടപെടല്‍ നടത്തുന്നില്ല. രോഗികള്‍ക്ക് രക്തം പരിശോധിക്കാന്‍പോലും മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹം അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതായും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. പനിമരണത്തിന്റെ എണ്ണം വര്‍ധിക്കുന്നതില്‍ വളരെ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങുന്നില്ല. പകരം പനിബാധിതരെ സഹായിക്കുന്ന നടപടിയുമായി മുന്നോട്ടുപോവും. യുഡിഎഫ് എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ നേരിട്ടിറങ്ങി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. പകര്‍ച്ചപ്പനി മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആശങ്കയറിയിച്ചത്. പനി തടയുന്നതിന് സ്വീകരിക്കേണ്ട 11 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കി. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നതിന് ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം എല്ലാ വിഭാഗം ജനകീയ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ യജ്ഞം സംഘടിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. പനി തടയുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ട സ്ഥിതിക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ചെന്നിത്തല നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it