Flash News

പകര്‍ച്ചപ്പനി ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷിയോഗം



തിരുവനന്തപുരം: സംസ്ഥാനത്തു പകര്‍ച്ചപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി പ്രതിരോധം ചര്‍ച്ച ചെയ്യാനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി 23ന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി വിപുലമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാഷ്ട്രീയപ്പാര്‍ട്ടികളടക്കം നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനത്തിനായി ഇറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍വകക്ഷിയോഗത്തിനു പുറമെ മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 23ന് യോഗം ചേരും. ഇതോടൊപ്പം മണ്ഡലം അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ പങ്കെടുക്കുന്ന യോഗവും നടക്കും. ജനപ്രതിനിധികളെയും സാംസ്‌കാരിക സംഘടനകളെയും അടക്കം എല്ലാവരെയും ഉള്‍പ്പെടുത്തിയാവും യോഗം വിളിച്ചുചേര്‍ക്കുക. 27, 28, 29 തിയ്യതികളിലായി വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം സംഘടിപ്പിക്കും. രോഗികളുടെ ബാഹുല്യമുള്ള ആശുപത്രികളില്‍ കിടത്തിച്ചികില്‍സ വര്‍ധിപ്പിക്കും. ആശുപത്രികളിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുറന്ന് ശുചീകരിച്ച് ചികില്‍സയ്ക്കായി ഉപയോഗിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ കുറവു നികത്താന്‍ അടിയന്തര ഇടപെടല്‍ നടത്തും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. ശുചീകരണ പ്രവര്‍ത്തനത്തിനു വേണ്ട പണം തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലയിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍  മന്ത്രിമാരെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it