kozhikode local

പകര്‍ച്ചപ്പനി : കൂരാച്ചുണ്ടില്‍ ശുചീകരണ യജ്ഞം



കോഴിക്കോട്: പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കൊതുകു നശീകരണത്തിനായി ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താന്‍ എംപി, ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തി ല്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ജൂണ്‍ 15 മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും കയറി കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ യു.വി. ജോസ് സര്‍ക്കാറിന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. ശുചീകരണ യജ്ഞത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കാളികളാവണമെന്ന് അദ്ദേഹം പറഞ്ഞു. പരിസര ശുചീകരണം നടത്താത്തതിന്റെ ദുരന്തമാണ് അനുഭവിക്കുന്നതെന്ന് എം കെ. രാഘവന്‍ എംപി പറഞ്ഞു.ഇതിനെ ലാഘവത്തോടെ കാണരുതെന്നും 15 സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകള്‍ തോറും കയറി ശുചീകരണത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ഇതു വരെ നാലു പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പഞ്ചായത്തില്‍ 58 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചതായും കൂരാച്ചുണ്ട് സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ കൊതുകു നശീകരണത്തിനായി ഫോഗിംഗ് നടത്തുന്നുണ്ടെന്നും ഒപ്പം കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കലാണ് പ്രധാനമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ചിരട്ടകള്‍, പാഴ്‌വസ്തുക്കള്‍ കെട്ടിവെക്കുന്ന താര്‍പായയുടെ മടക്കുകള്‍ എന്നിവയിലാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയത്. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തി വെക്കുന്നതിലൂടെ കൊതുകിനെ നശിപ്പിക്കാം. കൊതുകു കടിക്കുന്നത് തടയാന്‍ ഗവ. ആയുര്‍വേദാശുപത്രി ആയുര്‍വേദ ധൂപങ്ങളും ലേപനങ്ങളും നല്‍കുന്നുണ്ട്്. ഗവ. ഹോമിയോ ആശുപത്രി പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 16ന് പഞ്ചായത്ത് ഹാളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും.കൂരാച്ചുണ്ട് സിഎച്ച്‌സി ഒപിയില്‍ ഒരു ഡോക്ടറെ അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ജൂലൈ മൂന്ന് വരെ സി എച്ച് സിയില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ഇവിടെ പരിശോധനയ്ക്കായി ഹൈടെക് അനലൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും പകര്‍ച്ചപ്പനി സര്‍വേ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it