thiruvananthapuram local

പകര്‍ച്ചപ്പനിയെ നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നൂതന പരിശീലനം



തിരുവനന്തപുരം:മഴയും വെയിലും മാറിമാറി വരുന്ന സാഹചര്യത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച പനികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നൂതന പരിശീലനം. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിസിന്‍ വിഭാഗം, ഇന്‍ഫഷ്യസ് ഡിസീസ് വിഭാഗം, സംസ്ഥാന എച്ച്1 എന്‍ 1 നിയന്ത്രണ സെല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് നൂതനമായ അപ്‌ഡേറ്റ് നല്‍കിയത്. വിവിധതരം പനികളുടെ രോഗ നിര്‍ണയം, സങ്കീര്‍ണതകള്‍ നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും മരണ നിരക്ക് കുറക്കാനുമുള്ള ശാസ്ത്രീയമായ ചികിത്സാ മാനദ്ണ്ഡങ്ങളെക്കുറിച്ചായിരുന്നു പരിശീലനം നല്‍കിയത്. മുന്‍കാലങ്ങളിലുള്ള ഡെങ്കിപ്പനിയെ അപേക്ഷിച്ച് ഇപ്പോഴുള്ളതിന് രോഗത്തിന്റെ തീവ്രതയിലും വ്യത്യാസം വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനെപ്പറ്റി ജനങ്ങളുടെയിടയില്‍ വളരെയധികം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു. ഡെങ്കിപ്പനിയുടെ ചികിത്സ പ്ലേറ്റ്‌ലെറ്റ് കൗണ്ടിനെ മാത്രം അടിസ്ഥാനമാക്കിയല്ല. ഭൂരിഭാഗം ആളുകളിലും ഡെങ്കിപ്പനി സങ്കീര്‍ണതകള്‍ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് ഡെങ്കിപ്പനിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പൂര്‍ണമായ വിശ്രമവും ആവശ്യമാണ്. എന്നാല്‍ മലത്തില്‍കൂടി രക്തം വരിക, കറുത്ത നിറത്തിലുള്ള മലം, കഠിനമായ വയറു വേദന, വയറിളക്കം, ഛര്‍ദി എന്നിവയുള്ള രോഗികള്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it