thrissur local

പകരപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അവസാന ഘട്ടത്തില്‍





മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ  അരീക്കത്തോട് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മാണം അവസാന ഘട്ടത്തില്‍.  മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ അപ്രോച്ച് റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഴക്കാല ശേഷം പുനരാരംഭിച്ച നിര്‍മാണം  കൂടുതല്‍ പണിക്കാരെ നിര്‍ത്തി വേഗത്തില്‍ നടത്തിയതിനാലാണ് ഈ മഴക്കാലത്തിന് മുന്‍പ് പണി തീര്‍ക്കാന്‍ കഴിഞ്ഞത്. പകരപ്പിള്ളി അരീക്കത്തോട് പ്രദേവാസികളുടെ ഏറെകാലമായുള്ള ആവശ്യമായിരുന്ന പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റേയയും  അപ്രോച്ച് റോഡിന്റേയും നിര്‍മാണം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസാന കാലത്താണ് ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍ നിന്നാണ് പകരപ്പിള്ളി പെരുമ്പക്കുന്ന് റഗുലേറ്റര്‍ കം ബ്രിഡ്ജ് വികസനത്തിനായി 95 ലക്ഷം രൂപ അനുവദിച്ചത്. പാടത്തിന് നടുവിലൂടെയുള്ള റോഡിന്റെ ഇരവശങ്ങളിലും കരിങ്കല്ല് ഭിത്തികെട്ടി ബലപ്പെടുത്തുന്നതിനും കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനും റോഡ് ഉയരം വര്‍ധിപ്പിച്ച് ടാര്‍ചെയ്യുന്നതിനും ഇടുങ്ങിയ പഴയ പാലത്തിന്റെ വീതി കൂട്ടി വികസിപ്പിക്കുന്നതിനുമായിട്ടാണ് 95 ലക്ഷം രൂപ  ബജറ്റില്‍ വകയിരുത്തിയത്. റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ മെറ്റലിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മെറ്റലിങ് നടത്തിയ റോഡ് ഉറച്ചതിന് ശേഷം മഴ മാറുന്നതോടെ ടാറിങ്  നടത്തുമെന്ന് കോണ്‍ട്രാക്റ്റര്‍ അറിയിച്ചു. പാലവും റോഡും പണി പൂര്‍ത്തിയാകുന്നതോടെ പകരപ്പിള്ളി അരീക്കത്തോട് പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുണ്ടായി, കുഴിക്കാട്ട്‌ശ്ശേരി, കൊമ്പൊടിഞ്ഞമാക്കല്‍ കൊടകര,ചാലക്കുടി  തുടങ്ങിയ  പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായി ഇത് മാറും.  കൂടാതെ റഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏക്കറുകണക്കിന് നെല്‍പാടങ്ങളില്‍ ഉപ്പ് വെള്ള ഭീഷണി ഇല്ലാതെ കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് സൗകര്യമൊരുങ്ങുകയും ചെയ്യും.
Next Story

RELATED STORIES

Share it