നൗഷാദിന് പിന്നാലെ ബാബുവും; മനുഷ്യസ്‌നേഹത്തിന് ജീവന്റെ വില

മാനന്തവാടി: കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തെ പുല്‍കിയ നൗഷാദിന് പിന്നാലെ പടിഞ്ഞാറത്തറയില്‍ നിന്നു ബാബുവും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തു. കൂട്ടുകാരോടൊപ്പം കുളിക്കാനെത്തി ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ മുങ്ങിത്താഴുന്ന ചെന്നലോട് പത്തായക്കോടന്‍ റഊഫിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ബപ്പനം അംബേദ്കര്‍ കോളനിയിലെ ബാബു വെള്ളത്തിലേക്ക് ചാടിയത്.
അക്കരെ വെള്ളത്തില്‍ മുങ്ങുന്ന യുവാവിനെ രക്ഷിക്കാനായി ഓടിക്കിതച്ച് ചാടിയ ബാബു 20 മീറ്ററോളം നീന്തിയ ശേഷം റഊഫിന്റെ കൈപിടിച്ച് കരയിലേക്ക് തിരിച്ചു നീന്തി. വെള്ളത്തിലേക്ക് വല്ലതും ഇട്ടുതന്ന് സഹായിക്കണോ എന്നു റഊഫിന്റെ കൂട്ടുകാര്‍ വിളിച്ചുചോദിച്ചപ്പോള്‍, താന്‍ കരയ്‌ക്കെത്തിക്കൊള്ളാമെന്നായിരുന്നു ബാബുവിന്റെ മറുപടി. ഇതിനിടെ ബാബുവും കുഴഞ്ഞ് 10 മീറ്ററോളം താഴ്ചയുള്ള ചുഴിയിലേക്ക് താഴുകയായിരുന്നു.
നാലു സഹോദരങ്ങളടങ്ങുന്ന കുടുംബത്തിലെ മൂത്തയാള്‍ എന്ന നിലയില്‍ മൂന്നു സഹോദരിമാരുടെ പഠനത്തിനും ബാബുവായിരുന്നു ആശ്രയം. വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത ചോര്‍ന്നൊലിക്കുന്ന ഓടിട്ട വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
കൂലിപ്പണിക്കാരനായ ബാബു ഒരു വര്‍ഷം മുമ്പാണ് എക്‌സ്‌കവേറ്ററില്‍ സഹായിയായി ജോലി തുടങ്ങിയത്. ബാബുവിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം അംഗീകരിച്ചതായും എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ ക്ഷേമമന്ത്രി പി കെ ജയലക്ഷ്മി ഇന്നു ബാബുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it