നൗഷാദിന് ആദരവായി സിനിമ 'ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക'

കോഴിക്കോട്: മനുഷ്യജീവന് മറ്റെന്തിനേക്കാളും വിലയുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ നൗഷാദിന് ആദരവായി സിനിമ തയ്യാറാക്കുന്നു. രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവെ കോഴിക്കോട് ജയ ഓഡിറ്റോറിയത്തിനടുത്ത് മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിനെക്കുറിച്ചുള്ള സിനിമ ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക സംവിധാനം ചെയ്യുന്നത് സജീഷ് വേലായുധനാണ്. പരസ്യചിത്രങ്ങളിലൂടെയും കോഴിക്കോട് സാമൂതിരിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയും ശ്രദ്ധേയനാണ് സജീഷ് വേലായുധന്‍.
ഒരു ഓട്ടോ ഡ്രൈവര്‍ എന്നതിലുപരി നൗഷാദ് എന്ന വ്യക്തിയുടെ ജീവിതം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവൃത്തികള്‍ യുവാക്കള്‍ക്കു പ്രചോദനമാവുന്നതിനും വേണ്ടിയാണ് സിനിമ ഒരുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
യുവതലമുറയ്ക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വത്തിനുടമയായ നൗഷാദുമായി തങ്ങള്‍ ആദ്യം തയ്യാറാക്കിയിരുന്ന തിരക്കഥയുടെ കഥാപാത്രത്തിന് സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് നൗഷാദിന്റെ വീട്ടില്‍ ചെല്ലുകയും കുടുംബാംഗങ്ങളെ കണ്ട് സംസാരിക്കുകയും ചെയ്തത്. നൗഷാദ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച സിനിമയാണ് ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക. നൗഷാദിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയൊരുക്കുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനേഷും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികള്‍ക്കു സംഗീതമൊരുക്കുന്നത് മോഹന്‍ സിത്താരയാണ്. നൗഷാദ് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ തന്നെയാവും സിനിമയ്ക്കും ഉപയോഗിക്കുക എന്നൊരു പ്രത്യേകതകൂടിയുണ്ട്. നൗഷാദിനെ സിനിമയില്‍ അവതരിപ്പിക്കുക ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലയാളത്തിലെ പ്രശസ്തനായ യുവനടനായിരിക്കും നൗഷാദിനെ അവതരിപ്പിക്കുകയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സന്തോഷ് ശിവന്റെ അസോഷ്യേറ്റ് കാമറാമാനും സിദ്ധാര്‍ഥയടക്കം നിരവധി ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായി കാമറ ചലിപ്പിക്കുകയും ചെയ്ത ബിജോയ്‌സണ്‍ ആണ് കാമറ കൈകാര്യം ചെയ്യുക. കോസ്റ്റിയൂം സുരേഷ് ഫിറ്റ്‌വെല്‍. ചാലിയാര്‍ എന്ന ബാനറിലാണ് സിനിമ ചിത്രീകരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ തിരക്കഥാകൃത്തുകളായ ശ്രീജേഷ്, വിപിനേഷ്, ബാപ്പു വാവാട്, നൗഷാദിന്റെ ഭാര്യാപിതാവായ ഹംസക്കോയ, സഹോദരീഭര്‍ത്താവ് സല്‍മാന്‍, അമ്മാവന്മാരായ ഷാജി, ഷാഫി പങ്കെടുത്തു.
Next Story

RELATED STORIES

Share it