Districts

നൗഷാദിന്റെ ഭാര്യക്ക് ജോലി; കുടുംബത്തിന് 10 ലക്ഷം

തിരുവനന്തപുരം: കോഴിക്കോട് ഓടയില്‍ വീണു മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ, ഭാര്യക്കും മാതാവിനും അഞ്ചു ലക്ഷം രൂപ വീതവും നല്‍കും. സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊയിലാണ്ടി സ്വദേശി ജവാന്‍ സുബിനേഷിന്റെ സഹോദരിക്ക് ജോലി നല്‍കാനും തീരുമാനമായി. സൈനിക ജോലിക്കിടെ കൊല്ലപ്പെട്ടാല്‍ അടുത്ത ബന്ധുക്കള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. അച്ഛന്‍, അമ്മ, വിവാഹം കഴിക്കാത്ത സഹോദരന്‍, സഹോദരി ഇവരിലാര്‍ക്കെങ്കിലുമാണ് ജോലി നല്‍കാനാവുക. എന്നാല്‍, സുബിനേഷിന് വിവാഹം കഴിച്ച സഹോദരി മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്തി സഹോദരിക്ക് ജോലി നല്‍കാനാണു തീരുമാനം. ഈ കൂടുംബത്തിനുള്ള സാമ്പത്തികസഹായം സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതേസമയം ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഇളവുകള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിടങ്ങളുടെ അഗ്നിശമനസംവിധാനത്തിന് ഇനിമുതല്‍ കേന്ദ്ര ചട്ടം നിര്‍ബന്ധമാക്കേണ്ടതില്ല. ജേക്കബ് തോമസ് അഗ്നിശമനസേനാ മേധാവിയായിരിക്കെ ദേശീയ കെട്ടിടനിര്‍മാണ ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതു മറികടക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. അഗ്നിശമന മേധാവിയായിരിക്കെ ജേക്കബ് തോമസ് സംസ്ഥാനത്തെ 60 വന്‍കിട ഫഌറ്റുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. മൂന്നു നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സ്വന്തം അഗ്നിശമനസൗകര്യമില്ലെങ്കില്‍ അഗ്നിശമനസേനയുടെ അനുമതി നല്‍കരുതെന്ന് ദേശീയ കെട്ടിട നിര്‍മാണ ചട്ടത്തിന്റെ 3, 4 അധ്യായങ്ങളില്‍ നിഷ്‌കര്‍ഷയുള്ളതാണ്. 2012 മുതല്‍ ഈ ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it