World

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്ക് പെണ്‍കുഞ്ഞ് പിറന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പ്രസവ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത പങ്കുവച്ചത്. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസീന്ത.
പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ രണ്ടാമത്തെ പ്രധാനമന്ത്രിയാണു ജസീന്ത. അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്‍മം നല്‍കിയ ആദ്യത്തെ വനിത മുന്‍ പാക് പ്രധാനമന്ത്രി  ബേനസീര്‍  ഭൂട്ടോയാണ്. 1990ലാണ് അവര്‍ മകള്‍ ബഖ്തവറിന് ജന്മം നല്‍കിയത്. ജീവിതപങ്കാളി ക്ലാര്‍ക് ഗേഫോര്‍ഡിനും കുഞ്ഞിനുമൊപ്പം ഇരിക്കുന്ന ഫോട്ടോയും ജസീന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്ന അടിക്കുറിപ്പോടെയാണ് പടം  പോസ്റ്റ് ചെയ്തത്്. ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ചവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ജസീന്ത നന്ദി പറഞ്ഞു. കുഞ്ഞിന് 3.31 കിലോഗ്രാം തൂക്കമുണ്ട്്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രിയായി തിരെഞ്ഞടുക്കപ്പെട്ട ജസീന്ത ജനുവരിയിലാണു താന്‍ ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്്. ഗര്‍ഭിണിയായിരുന്നപ്പോഴും ഓഫിസ് കാര്യങ്ങളില്‍ ജസീന്ത വിട്ടുവീഴ്ച വരുത്തിയിരുന്നില്ല. അടുത്ത ആറാഴ്ചത്തേക്ക് ഉപ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് ആണ് താല്‍ക്കാലിക പ്രധാനമന്ത്രി. ആഗസ്ത് ആരംഭത്തോടെ ജസീന്ത പദവിയില്‍ തിരിച്ചെത്തും.
Next Story

RELATED STORIES

Share it