ന്യൂസിലന്റില്‍ നിലവിലെ പതാക തുടരും

വെല്ലിങ്ടണ്‍: ദേശീയപതാക മാറ്റുന്നതുമായി ബന്ധപ്പെട്ട് ന്യൂസിലന്റില്‍ നടന്ന ഹിതപരിശോധനയില്‍ നിലവിലെ പതാക നിലനിര്‍ത്തുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം പേരും വോട്ടു രേഖപ്പെടുത്തി. പൊതുജനങ്ങളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പന്നല്‍ച്ചെടിയുടെ രൂപം ആലേഖനം ചെയ്ത പുതിയ പതാകയും നിലവിലെ പതാകയും തമ്മില്‍ കഴിഞ്ഞദിവസമാണ് മല്‍സരം നടന്നത്. 56.6 ശതമാനം പേര്‍ പതാക മാറ്റുന്നതിനെതിരേ വോട്ടുചെയ്തപ്പോള്‍ 43.1 ശതമാനം പേരാണ് പുതിയ പതാകയെ അനുകൂലിച്ചത്. പ്രധാനമന്ത്രി ജോണ്‍ കീ പുതിയ പതാകയെ പിന്തുണച്ചുവെങ്കിലും അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് യൂനിയന്‍ ജാക്കുള്ള നിലവിലെ പതാക കോളനിവല്‍ക്കരണത്തിന്റെ ഓര്‍മപ്പെടുത്തലാണെന്നു ചൂണ്ടിക്കാട്ടിയാണു പതാക മാറ്റാന്‍ ശ്രമങ്ങളാരംഭിച്ചത്. ആസ്‌ത്രേലിയന്‍ പതാകയുമായുള്ള രൂപസാദൃശ്യവും ഇതിനു കാരണമായി.അതേസമയം, പുതിയ പതാകയുമായി ബന്ധപ്പെട്ട വോട്ടെടുപ്പുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി വന്‍ തുക ചെലവാക്കിയെന്ന് സര്‍ക്കാരിനെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയിലേക്കെങ്കിലും വഴിവയ്ക്കാന്‍ അതുകൊണ്ട് സാധിച്ചെന്നായിരുന്നു കീയുടെ പ്രതികരണം.
Next Story

RELATED STORIES

Share it