ന്യൂനമര്‍ദം; കടലാമ സംരക്ഷണം ആശങ്കയില്‍

കെ എം അക്ബര്‍

ചാവക്കാട്: ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് കടലാമ സംരക്ഷണ പ്രവര്‍ത്തകരെ ആശങ്കയിലാക്കി. മുന്നറിയിപ്പിനെത്തുടര്‍ന്ന് കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കടലാമക്കുഞ്ഞു വിരിഞ്ഞിറങ്ങാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കവെയാണ് ന്യൂനമര്‍ദ മുന്നറിയിപ്പ് വന്നത്. കാറ്റും, കടലേറ്റവുമാണ് കടലാമക്കൂടുകള്‍ക്ക് ഭീഷണിയാവുന്നത്.
45 മുതല്‍ 55 ദിവസം വരെ കൊള്ളുന്ന സൂര്യപ്രകാശത്തിന്റെ ചൂടിലാണ് കടലാമ മുട്ടകള്‍ വിരിയുക. ഇത്തവണത്തെ രാത്രിയിലെ ശക്തമായ കോടമഞ്ഞ് കാരണം കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാന്‍ അധിക സമയം എടുക്കുന്നുണ്ടെന്ന് കടലാമ സംരക്ഷകനും ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടുമായ എന്‍ ജെ ജെയിംസ് പറഞ്ഞു. ഇത്തവണ കൂടുതല്‍ കടലാമകള്‍ മുട്ടയിടാന്‍ ചാവക്കാട് തീരത്തെത്തിയിട്ടുണ്ടെന്ന് വിവിധ ഹാച്ചറികളുടെ മാനേജര്‍മാരായ സെയ്ത് മുഹമ്മദ്, സൂര്യ, സലിം എടക്കഴിയൂര്‍, സജിന്‍ ഫൈറ്റേഴ്‌സ്, ഫഹദ് മഹാത്മ എന്നിവര്‍ പറഞ്ഞു. കടലോരത്ത് നായ്ക്കളും കുറുക്കന്‍മാരുമടക്കമുള്ള ജീവികളുടെ ശല്യം കൂടുതലായിരുന്നതും ഹാച്ചറികള്‍ക്ക് പ്രതിസന്ധിയായതായി വാച്ചര്‍മാരായ ഷാനു, ഇജാസ്, വിജേഷ്, ഫാറൂക് എന്നിവര്‍ പറഞ്ഞു.
ഈ വര്‍ഷം ചാവക്കാട് തീരത്തെ നാല് കൂട്ടില്‍ നിന്നായി 230 കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയിട്ടുണ്ട്. ഇത്തവണ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലാമകള്‍ മുട്ടയിടാനെത്തിയത് ചാവക്കാട് കടല്‍ത്തീരത്താണെന്നു സാമൂഹിക വനവല്‍ക്കരണ വിഭാഗം ഉദ്യോഗസ്ഥനായ എഫ് ജയമാധവന്‍ പറഞ്ഞു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും മേഖലയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ഇത്തവണ കടലോരത്തെ രാത്രികാല നിരീക്ഷണത്തില്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it